ആറ്റിങ്ങൽ ചാത്തമ്പറയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ യുവാവിന്റെ തലയടിച്ചു പൊട്ടിച്ചു. ആലംകോട് ചാത്തമ്പറ പുതുക്കുന്ന് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ കരവാരം തോട്ടയ്ക്കാട് സ്വദേശി സുനീഷിനാണ് തലക്ക് പരുക്കേറ്റത്. ഉത്സവത്തിനിടെ ക്ഷേത്രത്തിന് സമീപം രാത്രി 10 മണിയോടെ യുവാക്കൾ തമ്മിൽ അടിപിടി നടന്നിരുന്നു.
ജ്യേഷ്ഠൻ സുധീഷിനോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്ന സുനീഷ് അടിപിടി നടന്നതിന്റെ കാരണം അന്വേഷിച്ചെത്തിയതായിരുന്നു. മദ്യലഹരിയിലായിരുന്ന ആലംകോട് കാവുനട സ്വദേശിയായ സഹായി എന്നു വിളിക്കുന്ന അജീഷ് യാതൊരു പ്രകോപനവും ഇല്ലാതെ റോഡിൽ കിടന്ന വലിയ കോൺക്രീറ്റ് കട്ട ഉപയോഗിച്ച് സുനീഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയുടെ വലതുഭാഗത്ത് ഉണ്ടായ മുറിവ് ആഴത്തിലുള്ളതാണെങ്കിലും ഗുരുതരമല്ല.
ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റ സുനീഷിന്റെ ജേഷ്ഠൻ സുജീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശ്രമത്തിന് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
STORY HIGHLIGHT: young man injured on head in attack