പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ മഹ്ദീന്‍ പബ്ലിക് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍.
ഇയാള്‍ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനുവേണ്ടി ഇത് ചോര്‍ത്തി നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇയാളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പണത്തിന് വേണ്ടിയാണ് അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇന്നലെ രാത്രിയാണ് ഇയാളെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഈ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ നാസര്‍ എം എസ് സൊല്യൂഷനിലെ അധ്യാപകനായ ഫഹദിന് ഇത് അയച്ചുനല്‍കുകയും ഫഹദ് വഴി ഇത് സിഇഒ ഷുഹൈബിന് എത്തിക്കുകയായിരുന്നു.
പത്താംക്ലാസിന്റെയും പ്ലസ് വണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഷുഹൈബിനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടു പിന്നാലെ ഷുഹൈബ് ഒളിവില്‍ പോവുകയും, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.