ഇന്ത്യയിൽ ‘യൂബർ ഫോർ ടീൻസ്’ സേവനം യൂബർ കമ്പനി ആരംഭിച്ചു. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് യൂബർ അക്കൗണ്ടുകൾ സജ്ജീകരിക്കാനും, അവരുടെ യാത്രകളിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാന്‍ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവസരം നൽകുന്നതുമായ ഫീച്ചറാണ് യൂബർ ഫോർ ടീൻസ് എന്നുള്ളത്. 2023-ൽ അമേരിക്കയിൽ ആരംഭിച്ച ഈ ഫീച്ചർ ഇപ്പോൾ ലോകമെമ്പാടും 50-ൽ അധികം രാജ്യങ്ങളിലേക്ക് യൂബര്‍ അധികൃതര്‍ വ്യാപിച്ചിരിക്കുകയാണ്.
യൂബർ ഫോർ ടീൻസ് സേവനം കൗമാരക്കാർക്ക് സ്വന്തം ഡിവൈസുകളിൽ നിന്ന് യൂബർ റൈഡുകൾ ബുക്ക് ചെയ്യാൻ പ്രാപ്തമാക്കുന്നു, അതേസമയം അവരുടെ രക്ഷിതാക്കൾക്ക് തത്സമയം യാത്രകൾ ട്രാക്ക് ചെയ്യാനും റൈഡുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനും അധിക സുരക്ഷാ സവിശേഷതകൾ ആക്സസ് ചെയ്യാനും കഴിയും. ഇന്ത്യൻ ഉപയോക്താക്കൾക്കായി യൂബർ ആപ്പിൽ ഈ സേവനം ഇതിനകം പ്രത്യക്ഷപ്പെട്ടു. ദില്ലി എൻസിആർ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങൾക്കാണ് ആദ്യം യൂബർ ഫോർ ടീൻസ് സേവനത്തില്‍ ആക്സസ് ലഭിക്കുന്നത്. പിന്നാലെ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയവ ഉൾപ്പെടെ 35 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി യൂബർ ഫോർ ടീൻസ് സേവനം വരും ആഴ്ചകളിലെത്തും.
എന്താണ് യൂബർ ഫോർ ടീൻസ്?
2023-ൽ യുഎസിൽ ആദ്യമായി ആരംഭിച്ച യൂബർ ഫോർ ടീൻസ് സേവനം ഇപ്പോൾ 50-ൽ അധികം രാജ്യങ്ങളിൽ ലഭ്യമാണ്. അതേസമയം ഇന്ത്യയിൽ ഇത് പരീക്ഷിക്കാൻ തുടങ്ങുന്നത് ഇതാദ്യമായാണ്. കൗമാരക്കാർക്കുള്ള യൂബർ സേവനം, മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവരുടെ കൗമാരക്കാരായ മക്കൾക്കുള്ള റൈഡുകൾ നിരീക്ഷിക്കുന്നതിനും ബുക്ക് ചെയ്ത യാത്രകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും സാധിക്കുന്ന വിധത്തിലുള്ള ഒരു യൂബർ അക്കൗണ്ട് സജ്ജീകരിക്കാൻ അനുവദിക്കും. ഈ ഫീച്ചർ ഉപയോഗിച്ച് കൗമാരക്കാർക്ക് സുരക്ഷിതവും നിയന്ത്രിതവുമായ റൈഡ്-ഷെയറിംഗ് അനുഭവം നൽകുക എന്നതാണ് യൂബർ ലക്ഷ്യമിടുന്നത്.
കൗമാരക്കാർക്കുള്ള യൂബർ എങ്ങനെ പ്രവർത്തിക്കുന്നു
ഒരു അക്കൗണ്ട് സജ്ജീകരിക്കുന്നതിന്, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ യൂബർ ആപ്പ് വഴി അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ചേർത്ത് അവരുടെ ടീനേജറെ ഇന്‍വൈറ്റ് ചെയ്യാന്‍ കഴിയും. ഈ ഇന്‍വൈറ്റ് സ്വീകരിച്ചുകഴിഞ്ഞാല്‍ സുരക്ഷാ ഫീച്ചറുകളോടെ ഒരു ടീനേജ് യൂബര്‍ അക്കൗണ്ട് സൃഷ്ടിക്കപ്പെടും.
മേൽനോട്ടം: മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവരുടെ കൗമാരക്കാരായ മക്കളുടെ യാത്ര തത്സമയം ട്രാക്ക് ചെയ്യാനും ഓരോ യാത്രയുടെയും അറിയിപ്പുകൾ സ്വീകരിക്കാനും കഴിയും.
ഡ്രൈവർ സ്ക്രീനിംഗ്: ഉയർന്ന റേറ്റിംഗുള്ളതും മികച്ച പശ്ചാത്തലം ഉള്ളതുമായ ഡ്രൈവർമാരുമായി മാത്രമേ കൗമാരക്കാര്‍ക്ക് റൈഡറുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ
ഓഡിയോ റെക്കോർഡിംഗ്: ഡ്രൈവറും കൗമാരക്കാരനും തമ്മിൽ ഒരു യൂബർ കോൾ ഉണ്ടായാൽ, അധിക സുരക്ഷയ്ക്കായി മാതാപിതാക്കൾക്ക് ഓഡിയോ റെക്കോർഡിംഗിലേക്ക് ആക്സസ് ലഭിക്കും.
ഡെസ്റ്റിനേഷൻ ലോക്ക്: ഒരു റൈഡ് ബുക്ക് ചെയ്തുകഴിഞ്ഞാൽ ഡ്രൈവർമാർക്ക് ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ മാറ്റാൻ കഴിയില്ല.
പിൻ പരിശോധനയും റൈഡ് ചെക്കും: പിൻ പരിശോധന പോലുള്ള അധിക സുരക്ഷാ ഫീച്ചറുകൾ ശരിയായ ഡ്രൈവറാണ് ടീനേജറെ വാഹനത്തിൽ കയറ്റുന്നത് എന്ന് ഉറപ്പാക്കുന്നു
കൗമാരക്കാർക്കായി അക്കൗണ്ട് സജ്ജീകരിക്കുന്നതിന് മുമ്പ് രക്ഷിതാക്കൾ അവരുടെ അക്കൗണ്ടിൽ ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കണം. എന്നാൽ ഒരിക്കൽ ചേർത്തുകഴിഞ്ഞാൽ, കൗമാരക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട പെയ്മെന്റ് രീതി തിരഞ്ഞെടുക്കാം. കൂടാതെ, ഒരു ടീനേജര്‍ക്ക് പ്രതിമാസം ബുക്ക് ചെയ്യാൻ കഴിയുന്ന യാത്രകളുടെ എണ്ണം മാതാപിതാക്കൾക്ക് പരിമിതപ്പെടുത്താനും സാധിക്കും.
content highlight: Uber for Teens