Kerala

അമൃതയിൽ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് തുടക്കമായി – international summit begins

പാനൽ ചർച്ചകൾ, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകൾ എന്നിവയും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് ആണ് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് വേദിയാകുന്നത്. അമൃത സ്‌കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്‌സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

പ്രകൃതിയുടെ സ്വാഭാവിക ഒഴുക്കിന് ഒപ്പം നീങ്ങിയാൽ സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഭദ്രദീപം കൊളുത്തിയ ശേഷം നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻ സി വാര്യർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വന സമ്പത്തുകൾ കുറിച്ചും വിശ്വാസത്തിന്റെ ഭാഗമായി വനസംരകഷണത്തിന് വിവിധ ജനവിഭാഗങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഡോ. കണ്ണൻ സി വാര്യർ വിദ്യാർത്ഥികളോട് സംസാരിച്ചു. അന്താരാഷ്‌ട്ര ഉച്ചകോടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ അമൃത കിരണം മാഗസിന്റെ പ്രകാശനവും, ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ഹ്രസ്വ ചലച്ചിത്ര വിഭാഗത്തിൽ പുരസ്കാരങ്ങൾ നേടിയ അന്ധകാറിന്‌ പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

പാനൽ ചർച്ചകൾ, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകൾ എന്നിവയും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡോ. ഹർഷ ഭാർഗവി (സാംസ്കാരിക മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്), ഡോ. എറിക് ബീൻ (ഇന്ത്യാന ടെക് യൂണിവേഴ്സിറ്റി, യുഎസ്എ), ഡോ. നിർമ്മാല്യ മുഖർജി (സെന്റർ ഫോർ പബ്ലിക് ഹെൽത്ത് റിസർച്ച്) എന്നിവരുൾപ്പെടെ പ്രശസ്തരായ വിദഗ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകും. സുസ്ഥിരതയ്ക്ക് നിർമ്മിത ബുദ്ധിയുടെ പങ്ക് എന്ന വിഷയത്തിൽ ശില്പശാല, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ എന്നിവ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

STORY HIGHLIGHT: international summit begins