Kerala

ഇരട്ട നികുതി ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ ഒരുങ്ങി സർക്കാർ; സൂചനാ പണിമുടക്ക് പിൻവലിച്ച് കേരള ഫിലിം ചേംബർ – malayalam film industry strike

മലയാള സിനിമ മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഇടപെടും. ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ പറഞ്ഞതോടെ ഈ മാസം നടത്താനിരുന്ന സൂചനാ പണിമുടക്ക് കേരള ഫിലിം ചേംബർ തൽക്കാലം വേണ്ടെന്നു വച്ചു.

ഈ മാസം 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക. അതേ സമയം, ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമില്ലെന്നാണ് ചേംബർ വ്യക്തമാക്കിയിരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സമരത്തിനു ചേംബറും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ മാസം സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.

ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു ഫിലിം ചേംബര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. അതേസമയം, മലയാള സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയായ താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ, സിനിമ ചിലവ് കുറയ്ക്കൽ തുടങ്ങിയവയിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHT: malayalam film industry strike