അത്തോളി വികെ റോഡില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശത്ത് നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
ഹാരിസ് അത്തോളിയില്‍ എംഡിഎംഎ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചയുടനെ പേരാമ്പ്ര ഡിവൈ എസ്പിക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി ഹാരിസിനെ പിടികൂടുകയായിരുന്നു. പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണെന്നും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിതരണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
STORY HIGHLIGHT: sell drugs youth caught by police