വാഷിംഗ്ടൺ: ഗസ്സയിൽ നിന്ന് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. ഹമാസുമായി യുഎസ് നേരിട്ട് ചർച്ചയാരംഭിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ അന്ത്യശാസന. ബദൽ ഗസ്സ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങൾ അമേരിക്കയുമായി ചർച്ചക്കൊരുങ്ങുകയാണ്.
ഇത് അവസാന മുന്നറിയിപ്പാണെന്ന് പറഞ്ഞാണ് എല്ലാ ബന്ദികളെയും വിട്ടയക്കാൻ ട്രംപ് ഹമാസിനോട് ഭീഷണി മുഴക്കിയത്. മറു ഭാഗത്ത് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയെന്ന മാധ്യമവാർത്തകൾ അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ഇരുപക്ഷവും തമ്മിൽ ചർച്ചയും കൂടിയാലോചനയും തുടരുന്നതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചു. ദോഹയിൽ ഹമാസുമായി നടന്ന ചർച്ചകൾ ഇസ്രായേലിന് അറിവുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി. 1997 മുതൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചർച്ച നടത്തുന്നത്. ഹമാസ് പിടിയിലുള്ള യുഎസ് ബന്ദി ഇദാൻ അലക്സാണ്ടറിന്‍റെ മോചനത്തിനും കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമാണ് ചർച്ച. അമേരിക്കൻ നീക്കം തങ്ങളുടെ താൽപര്യങ്ങളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അവശേഷിച്ച മുഴുവൻ ബന്ദികളുടെയും മോചനം ഉറപ്പാക്കുന്നതിനു പകരം യുഎസ് പൗരനെ മാത്രം വിട്ടുകിട്ടാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിലെ ബന്ദികളുടെ ബന്ധുക്കൾ പറഞു.
അതിനിടെ, കൈറോയിൽ ചേർന്ന അറബ് നേതൃയോഗം അംഗീകരിച്ച ഗസ്സ ബദൽ പദ്ധതി അമേരിക്കക്കു മുമ്പാകെ അവതരിപ്പിക്കാനുള്ള നീക്കം ശക്തമായി. ഫലസ്തീനികളെ പുറന്തള്ളാതെ അഞ്ചു വർഷം കൊണ്ട് 5300 കോടി ഡോളർ ചെലവിൽ ഗസ്സ പുനർനിർമാണം ലക്ഷ്യമിടുന്ന പദ്ധതിക്ക് യുഎസ് പിന്തുണ നേടിയെടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അറബ് ലീഗ്. അടുത്ത ദിവസം മേഖല സന്ദർശിക്കുന്ന യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫിനു മുമ്പാകെയാകും അറബ് നേതാക്കൾ പദ്ധതി വിശദീകരിക്കുക. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം ഗസ്സയിലെ മാനുഷിക ദുരന്തം കൂടുതൽ സങ്കീർണമാക്കുമെന്ന് യുനിസെഫ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി.