India

തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും

തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളൈ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് പോയത്.

ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്. അപകടം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും തൊഴിലാളികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

തുരങ്കത്തിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്. കൺവെയർ ബെൽറ്റ് പുനഃസ്ഥാപിക്കുന്നതോടെ മണിക്കൂറിൽ 800 ടൺ ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ഫെബ്രുവരി 22 രാവിലെയാണ്‌ ഏട്ടുപേർ തുരങ്കത്തിൽ കുടുങ്ങിയത്‌. വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നത്. തുരങ്കത്തിൽ മണ്ണും ചെളിയും മീറ്ററുകളോളം ഉയരത്തിൽ കൂടിക്കിടക്കുകയാണ്. സിമന്റ് പാളികളും പാറക്കെട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

തുരങ്കത്തിൽ 14 കിലോമീറ്റർ ഉള്ളിലാണ്‌ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്‌. ഇത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 200 ടൺ അവശിഷ്ടങ്ങളും ചളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.

ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘവും വിവിധ ഏജൻസികളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ത്യൻ ആർമി, നേവി, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) തുടങ്ങിയ ഏജൻസികളും രക്ഷാ പ്രവർത്തനത്തിനുണ്ട്. സാഹചര്യം പരിശോധിക്കാൻ നാഷണൽ സെന്റർ ഒഫ് സീസ്‌മോളജിയുടെ സഹായം തെലങ്കാന സർക്കാർ തേടി. തുരങ്കനിർമാണത്തിൽ വിദ​​ഗ്ധരായ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെയും സേവനം തേടിയിരുന്നു. രണ്ട് എൻജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.