മലപ്പുറം താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടുവിദ്യാര്‍ഥിനികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ക്കായാണ് പോലീസ് തിരയുന്നത്. പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു.
ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയതെന്നാണ് പോലീസ് പറയുന്നത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്നിറങ്ങിയ കുട്ടികളെ മറ്റൊരുവസ്ത്രം ധരിച്ചനിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇരുവരും തിരൂരില്‍നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പെണ്‍കുട്ടികള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇവരുടെ ബന്ധുക്കളും കോഴിക്കോടെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHT: plustwo students missing case