മുസ്ലിം ലീഗിനും കോൺഗ്രസിനുമതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയതയും വലതുപക്ഷ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് പുതിയ മാനങ്ങളിലെത്തിയിരിക്കുകയാണെന്നും ലീഗ് മതരാഷ്ട്രീയ വാദികളുമായി സഖ്യം ചേരുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
യുഡിഎഫ് വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്ന സ്ഥിതിയിലേക്കെത്തി. ലീഗ് ഉണ്ടാക്കുന്ന കൂട്ടുകെട്ടിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. ഇത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങളെ വർഗീയ രാഷ്ട്രീയത്തീലേക്ക് വലിച്ചിഴക്കുന്നതാണെന്നും കേരളം നേരിടുന്ന പ്രധാന പ്രശ്നമായി വര്‍ഗീയത മാറിയെന്നും ഗോവിന്ദൻ പറഞ്ഞു.
ലീഗിനെ തീവ്രവാദ സംഘടനകളുമായി കൂട്ടിച്ചേർക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. മത രാഷ്ട്ര വാദത്തിന് കൂട്ടുനിൽക്കുന്ന നിലപാട് ലീഗിന്റെയും യുഡിഎഫിന്റെ അടിത്തറ ഇളക്കും. മുസ്ലിം വിരുദ്ധതയിൽ ഊന്നി ആർ എസ് എസ് ഉണ്ടാക്കിയ സംവിധാനമാണ് കാസ. കേരളത്തിലെ ജനങ്ങളെ മതപരമായും ജാതിപരമായും ഭിന്നിപ്പിക്കുകയാണ് ഇത് മൂലം നടക്കുന്നതെന്നും ഭിന്നിച്ചുവരുന്ന മത-ജാതി വിഭാഗങ്ങളെ വർഗീയ വത്കരിക്കുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ ഐക്യം തകർക്കുകയാണ് ഇത്തരം ശക്തികൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: mv govindan against muslim league