കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെൺമക്കളും റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകൾ വീട്ടിൽ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്. ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നിൽ വെച്ച് ഷൈനിയെ മർദ്ദിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തിരുന്നു അതിന് ശേഷം വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നും, ഈ വിവരങ്ങളെല്ലാം നോബിയുടെ കസിൻസ് തന്നോട് വന്ന പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും കൂട്ടികൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു.
അതേസമയം, ഷൈനി മരിക്കുന്നതിന് മുൻപ് കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ഭർത്താവ് നോബിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്.