Sports

ചാമ്പ്യൻസ് ട്രോഫി ജയിച്ചാൽ ഇന്ത്യക്ക് എത്ര രൂപ കിട്ടും? | Champions trophy prize money

നേരത്തെ 2000 ൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ വന്നപ്പോൾ ന്യൂസിലൻഡിനായിരുന്നു ജയം

ഞായറാഴ്ചയാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ. കരുത്തരായ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ എത്തിയതെങ്കിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ന്യൂസിലൻഡ് ഫൈനലിന് ടിക്കറ്റ് എടുത്തത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഫൈനൽ വരുന്നത്. നേരത്തെ 2000 ൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ വന്നപ്പോൾ ന്യൂസിലൻഡിനായിരുന്നു ജയം.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ജയിക്കുന്ന ടീമിന് കണ്ണഞ്ചിപ്പിക്കുന്ന തുകയാണ് പ്രൈസ്മണി ഇനത്തിൽ ലഭിക്കുക. നേരത്തെ ടൂർണമെന്റിന് മുന്നോടിയായി ഐസിസി റെക്കോഡ് സമ്മാനത്തുക വിജയികൾക്ക് പ്രഖ്യാപിച്ചിരുന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ സമ്മാനത്തുക വിവരങ്ങൾ നോക്കാം.

6.9 മില്ല്യൺ യുഎസ് ഡോളർ ( ഏകദേശം 60.06 കോടി ഇന്ത്യൻ രൂപ ) ആണ് 2025 ലെ‌ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ മൊത്തം സമ്മാനത്തുകയായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ലെ ചാമ്പ്യൻസ് ട്രോഫിയുമായി താരമത്യം ചെയ്യുമ്പോൾ 53 ശതമാനം വർധനവാണ് സമ്മാനത്തുക ഇനത്തിൽ ഇക്കുറി വന്നിരിക്കുന്നത്.

ടൂർണമെന്റിലെ പങ്കാളിത്തത്തിന് ഓരോ ടീമിനും ഏകദേശം 1.08 കോടി ഇന്ത്യൻ രൂപ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്നുണ്ട്‌. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു ജയത്തിന് ടീമുകൾക്ക് ഏകദേശം 29 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് പ്രകാരം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളികളും ജയിച്ച ഇന്ത്യക്ക് 87 ലക്ഷത്തിലധികം രൂപ കിട്ടും. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലെ വിജയികൾക്ക് 2.24 മില്ല്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 19.49 കോടി ഇന്ത്യൻ രൂപയോളം സമ്മാനത്തുകയായി ഐസിസി നൽകും. റണ്ണറപ്പാകുന്ന ടീമിന് 1.12 മില്ല്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 9.74 കോടി ഇന്ത്യൻ രൂപ കിട്ടും.

content highlight: Champions trophy prize money