ആലപ്പുഴയില്‍ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കെസിഎ പ്രസിഡന്റസ് കപ്പില്‍ തുടരെ മൂന്നാം വിജയവുമായി റോയല്‍സ്. ഈഗിള്‍സിനെ അഞ്ച് വിക്കറ്റിനാണ് റോയല്‍സ് തോല്‍പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ലയണ്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് പാന്തേഴ്‌സ് ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കി. റണ്ണൊഴുകിയ ആദ്യ മല്‍സരത്തില്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഈഗിള്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ഭരത് സൂര്യയാണ് ഈഗിള്‍സിന്റെ ടോപ് സ്‌കോറര്‍. എട്ട് പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 26 റണ്‍സെടുത്ത വിഷ്ണുരാജിന്റെ പ്രകടനമാണ് ഈഗിള്‍സ് നിരയില്‍ ഏറ്റവും ശ്രദ്ധേയമായത്. 16 പന്തുകളില്‍ ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, 26 റണ്‍സെടുത്ത അക്ഷയ് മനോഹര്‍ തുടങ്ങിയവരും ഈഗിള്‍സ് നിരയില്‍ തിളങ്ങി.
റോയല്‍സിന് വേണ്ടി ഫാസില്‍ ഫാനൂസും ജെറിന്‍ പി എസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. രണ്ടാം പന്തില്‍ തന്നെ ജോബിന്‍ ജോബി മടങ്ങിയെങ്കിലും റിയ ബഷീറും ഷോണ്‍ റോജറും ചേര്‍ന്ന് റോയല്‍സിന് തകര്‍പ്പന്‍ തുടക്കം നല്കി. റിയ ബഷീര്‍ 22 പന്തുകളില്‍ 44ഉം ഷോണ്‍ റോജര്‍ 28 പന്തുകളില്‍ 38 റണ്‍സും നേടി. തുടര്‍ന്നെത്തി കാമില്‍ അബൂബക്കര്‍ 33ഉം ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയ 32ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിഖില്‍ തോട്ടത്തിന്റെയും ജെറിന്‍ പി എസിന്റെയും പ്രകടനമാണ് റോയല്‍സിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. നിഖില്‍ ഒന്‍പത് പന്തുകളില്‍ നിന്ന് 20ഉം ജെറിന്‍ പത്ത് പന്തുകളില്‍ നിന്ന് 22ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. ഈഗിള്‍സിന് വേണ്ടി ജോസ് പെരയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം മല്‌സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 49 റണ്‍സെടുത്ത ഗോവിന്ദ് പൈയും 32 റണ്‍സെടുത്ത അശ്വിന്‍ ആനന്ദും 33 റണ്‍സെടുത്ത ഷറഫുദ്ദീനുമാണ് ലയണ്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. പാന്തേഴ്‌സിന് വേണ്ടി അഖിന്‍ സത്താറും ഗോകുല്‍ ഗോപിനാഥും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്‌സിന് ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദിന്റെയും എസ് സുബിന്റെയും ഉജ്ജ്വല ബാറ്റിങ്ങാണ് അനായാസ വിജയം നല്കിയത്. വത്സല്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. സുബിന്‍ 33 പന്തുകളില്‍ 45 റണ്‍സ് നേടി. 37 റണ്‍സെടുത്ത അഹ്‌മദ് ഇമ്രാനും പാന്തേഴ്‌സ് ബാറ്റിങ് നിരയില്‍ തിളങ്ങി. ലയണ്‍സിന് വേണ്ടി ഷറഫുദ്ദീന്‍, വിനയ് വര്‍ഗീസ്, ഹരികൃഷ്ണന്‍, അമല്‍ രമേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.