താനൂരില്‍നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെ പോലീസ് ശനിയാഴ്ച കേരളത്തിലെത്തിക്കും. പൂനയിൽനിന്ന് കണ്ടെത്തിയ കുട്ടികളെ താനൂർ പോലീസിന് കൈമാറിയിട്ടുണ്ട്. പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്.
പെണ്‍കുട്ടികളുടെ കുടുംബം കുട്ടികളുമായി വീഡിയോ കോളില്‍ സംസാരിച്ചു. സ്‌കൂളിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികൾ യാത്രക്കിടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങുകയും സലൂണില്‍ പോയി മുടി മുറിക്കുകയും ചെയ്തു. ഇതിനുള്ള പണം എങ്ങനെയാണ് കുട്ടികള്‍ കണ്ടെത്തിയതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് കുട്ടികള്‍ മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. കേരള പോലീസ് കൈമാറിയ ഫോട്ടോ ഉപയോഗിച്ചാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചറിഞ്ഞത്.
STORY HIGHLIGHT: tanur missing girls