അടൂർ ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് വാടകവീട്ടിലെ നായവളർത്തലിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നൂറിലധികം നായ്ക്കൾ വീട്ടിലുണ്ടെന്നും കുരയും ദുർഗന്ധവും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. കോഴഞ്ചേരി സ്വദേശിയായ സന്ധ്യയും മകനുമാണു നായ്ക്കളെ വളർത്തുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അമ്മയും മകനും ആത്മഹത്യാഭീഷണി മുഴക്കി. നായ്ക്കൾക്കു വിഷം കൊടുത്തു തങ്ങളും ജീവനൊടുക്കുമെന്നായിരുന്നു ഭീഷണി. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാർച്ച് 22ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്ന് വീട്ടുകാർ രേഖാമൂലം അറിയിച്ചു.
വീടിന്റെ ജനലുകളും കതകുകളും അടച്ച് നായ്ക്കളോടൊപ്പമാണു ഇരുവരും കഴിയുന്നതെന്നും അന്വേഷിച്ചെത്തിയാലും കതക് തുറക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. വീട്ടിനുള്ളിൽ 50 ഓളം വലിയ പട്ടികളും 40 ൽ അധികം ചെറിയ പട്ടികളുമുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് രാജേഷ് അമ്പാടി, വാർഡ് മെമ്പർ ഉഷാ ഉദയൻ, അനീഷ് രാജ്, രാജേഷ് മണക്കാല എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് മാർച്ച് 22 ന് മുമ്പ് നായ്ക്കളെ വീട്ടിൽ നിന്നും മാറ്റാമെന്ന് ഉറപ്പ്നൽകിയത്.
STORY HIGHLIGHT: protest against dog breeding