കവർച്ചാ കേസിൽ വമ്പൻ ട്വിസ്റ്റ്; യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍ – robbery case twist and arrest

മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തുവിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

പ്രതികളായ കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി , പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന, എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അനന്തുവും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് എറണാകുളം ജില്ലയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് കൈവശം ഉണ്ടായിരുന്ന 50 ലക്ഷം രൂപ കവര്‍ച്ച നടത്തിയിരുന്നു. ഈ സംഭവത്തില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിവരം പുറത്തായത്.

കവര്‍ച്ചയിലൂടെ ലഭിച്ച പണം അപഹരിക്കുന്നതിന് വേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷന്‍ ടീമും കൂടി ചേര്‍ന്ന് നിഷാന എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് അനന്തുവിനെ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തി. അവിടെനിന്ന് അനന്തു സഞ്ചരിച്ചു വന്ന കാറടക്കം വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെയുള്ള തട്ടുകടയുടെ പുറകില്‍ വെച്ച് അനന്തുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാലില്‍ മുറിവ് ഉണ്ടാക്കി മുറിവില്‍ ടിന്നര്‍ ഒഴിച്ചും, ഗ്യാസ് ട്യൂബ് കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും മറ്റും അനന്തുവിനെ ഗുരുതര പരിക്കേല്‍പ്പിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിലുണ്ടായിരുന്ന 14,60,000 രൂപയും അഞ്ച് കാറുകളും കവര്‍ച്ച ചെയ്തുവെന്ന് അനന്തു പറഞ്ഞു.

STORY HIGHLIGHT: robbery case twist and arrest