Kerala

കോട്ടയം നഴ്സിങ് കോളജ് റാഗിങ്: 5 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കി

തിരുവനന്തപുരം: കോട്ടയം ഗവ.നഴ്സിങ് കോളജിൽ ഒന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 5 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ ഉത്തരവ്. നഴ്സിങ് സംബന്ധിയായ ഒരു കോഴ്സിനും പ്രവേശനം നൽകരുതെന്നും ശുപാർശയുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റേതാണ് ഉത്തരവ്.

രണ്ടാംവർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, മൂന്നാംവർഷ വിദ്യാർഥികളായ കെ.പി.രാഹുൽരാജ്, റിജിൽജിത്, എൻ.വി.വിവേക് എന്നിവരുടെ പ്രവേശനമാണു റദ്ദാക്കിയത്. ഇവർ ഇനി കോളജ് ക്യാംപസിൽ പ്രവേശിക്കാൻ പാടില്ല. പഠനാനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ ഉടൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രോഗീപരിചരണ മേഖലയിൽ ഇത്തരം ക്രൂരമനസ്സുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കരുത്. അതിനാൽ നഴ്സിങ് മേഖലയിലെ മറ്റുകോഴ്സുകളിലും പ്രതികളുടെ പ്രവേശനം തടയുന്നതിനു നടപടി സ്വീകരിക്കണമെന്നു കേരള നഴ്സിങ് കൗൺസിലിനോടു ശുപാർശ ചെയ്തു.

ഡിഎംഇയുടെ നിർദേശപ്രകാരം നാലംഗസമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണു നടപടി. കോളജിലെ ആന്റി റാഗിങ് സ്ക്വാഡിലെ അംഗങ്ങളായ അധ്യാപകർക്കെതിരെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ എന്നിവർക്കെതിരെയും അച്ചടക്കനടപടി തുടരാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.