Kerala

നിനവുകളിൽ നിറയെ! ഡോ. രേഖ റാണി: സഹനച്ചില്ലയിലെ സ്നേഹപ്പൂങ്കുയിൽ | Dr. Rekha rani

അന്തരിച്ച സംഗീത സംവിധായികയും, ഗായികയുമായ ഡേ . രേഖ റാണിയെ സംവിധായകനും എഴുത്തുകാരനുമായ രേഖയുടെ സുഹൃത്ത് ജോയ് കെ. മാത്യു അനുസ്മരിക്കുന്നു

 

ജോയ് കെ മാത്യു

അര്‍ബുദത്തിന്റെ കാഠിന്യത്തെ സംഗീതം കൊണ്ട് മറികടക്കാൻ ശ്രമിച്ച,സ്വജീവിതം സംഗീതത്തിനായി സമര്‍പ്പിച്ച ഡോ.രേഖ റാണി പാട്ടിന്റെ വഴിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങി വരാനാശിച്ചാലും വഴിമാഞ്ഞ് പോകുന്ന ലോകത്തേക്ക് യാത്രയായി…

പിന്നണി ഗായിക, സംഗീത സംവിധായിക, സംഗീത അധ്യാപിക എന്നിങ്ങനെ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ.രേഖ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത കച്ചേരികളും ഗാന മേള വേദികളിലും സജീവ സാന്നിധ്യമായിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഡോ.രേഖ സംഗീതത്തിന് ഉപരിയായി നല്ലൊരു നര്‍ത്തകി കൂടിയാണ്.

റേഡിയോയില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായ രേഖയുടെ പേരില്‍ എണ്ണമറ്റ സംഗീത ആല്‍ബങ്ങളുമുണ്ട്. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് സംഗീതം പകര്‍ന്ന് നല്‍കി അവരില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിവുള്ള ഇന്ത്യയിലെ മുന്‍ നിരക്കാരില്‍ ഒരാള്‍ കൂടിയാണ് ഡോ. രേഖ റാണി. പാരമ്പര്യക്ഷേത്ര കലയായ കൃഷ്ണനാട്ടത്തിലെ സംഗീതത്തെ കുറിച്ചുള്ള ഗവേഷണത്തിലാണ് പി.എച്ച്. ഡി. നേടിയത്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് പാടാനും സംഗീതം ചെയ്യാനും തുടക്കം മുതല്‍ക്കേ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും സമീപ കാലത്താണ് ഏതാനും സിനിമകളില്‍ പാടാനും സംഗീതം ചെയ്യാനും തുടങ്ങിയത്.

ശരീരത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തിന്റെ വേദനകളില്‍ പിടയുമ്പോഴും ഈശ്വരവിശ്വാസവും സംഗീതവും നല്‍കിയ തികഞ്ഞ ആത്മവിശ്വാസവും മനസിന്റെ കരുത്തുമായിരുന്നു ഇതേ വരെ ഡോ.രേഖ റാണിയെ മുന്നോട്ട് നയിച്ചത്. കാരുണ്യപൂര്‍വ്വം ഈശ്വരന്‍ തന്റെ നേര്‍ക്കു നീട്ടിയ കൈവിരലായി അര്‍ബുദത്തെ കാണുന്ന രേഖ നിസ്വാര്‍ത്ഥവും അക്ഷീണവുമായ സേവനത്തിലൂടെ ആലംബഹീനരുടെയും രോഗാതുരരുടെയും ജീവിതത്തിലും പ്രകാശം പരത്തുന്നു. വിവേകപൂര്‍വ്വം തന്റെ പ്രവര്‍ത്തികളെ നിയന്ത്രിച്ചു സമ്പൂര്‍ണ്ണ ദൈവസ്‌നേഹം മാത്രം ലക്ഷ്യം വച്ചു ജീവിച്ച അസാധാരണ വ്യക്തിവിലാസമുള്ള രേഖയ്ക്ക് കേരളത്തിനകത്തും വിദേശ രാജ്യങ്ങളിലും എണ്ണമറ്റ ശിക്ഷ്യസമ്പത്തുണ്ട്.

സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച രേഖയുടെ സില്‍വര്‍ ജൂബിലി ആഘോഷമാക്കിയത് ശിഷ്യഗണങ്ങള്‍ ചേര്‍ന്നാണ്. ഡോ. രേഖാ റാണിയുടെ സില്‍വര്‍ ജൂബലി ആഘോഷങ്ങള്‍ ഓംകാരം തത്ത്വമസി എന്നീ മ്യൂസിക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. നവംബര്‍ ഒന്നിന് ചലച്ചിത്ര നടന്‍ മധുവിന്റെ വസതിയില്‍ സംഘടിപ്പിച്ച പ്രത്യേകം പരിപാടികളിലൂടെയായിരുന്നു. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. എന്റെ നല്ലൊരു സുഹൃത്തായിരുന്ന,എനിക്കായി മനോഹരമായ 3 പാട്ടുകൾ സംഗീതം ചെയ്തു തന്ന രേഖയെ ജീവിതത്തിൽ ഇന്നേവരെ ഞാൻ നേരിൽ കണ്ടിട്ടില്ല ; അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല !

ബന്ധുമിത്രാദികളുടെ മനസ്സിൽ അസ്ത്രാഘാതമേല്പ്പിച്ചു കൊണ്ട് മരണമില്ലാത്ത ലോകത്തേക്ക് ഡോ. രേഖാ റാണി യാത്രയായി !