കോട്ടയം : ഏറ്റുമാനൂരിൽ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പൊലീസ്. കേസിൽ നിർണായകമായ തെളിവാണ് ഷൈനിയുടെ ഫോൺ. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി.
ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം. ഷൈനി ട്രെയിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയില്ല. മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ ഫോൺ എവിടെ എന്നറിയില്ലെന്നായിരുന്നു മറുപടി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മാതാപിതാക്കളുടെ മൊഴിയിൽ തൃപ്തിയില്ല
ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തിൽ നൽകിയ മൊഴികൾ പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടിൽ നിന്നും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
ഫെബ്രുവരി 28 ന് പുലർച്ചെ നാല് നാൽപ്പത്തിനാലിനാണ് (4.44) ഷൈനി മക്കളായ അലീനയേയും ഇവാനയേയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിന് എതിർ വശമുള്ള റോഡിലൂടെയാണ് റെയിൽവേ ട്രാക്കിലേക്ക് എത്തിയത്. ഇളയമകൾ ഇവാനെയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. ആത്മഹത്യ ചെയ്തതിന്‍റെ തലേന്ന് ഭർത്താവ് നോബി ലൂക്കോസ് ഷൈനിയെ ഫോണിൽ വിളിച്ചിരുന്നു.
മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അതിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്‍റെ ചികിത്സക്ക് എടുത്ത വയ്പയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.