തുല്യതയ്ക്കും, നീതിയ്ക്കും, ചൂഷണരഹിതമായ, വിവേചനമില്ലാത്ത, കലാപരഹിതവുമായ സ്വതന്ത്രമായ ജീവിതത്തിനായുള്ള സ്ത്രീയുടെ അവകാശപ്പോരാട്ടങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാം. പ്രമുഖ തൊഴിലാളി സംഘടന ഇന്ന് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പാണ്. എന്നാൽ ഈ വനിതദിനത്തിൽ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയുടെ സങ്കടകരമായ ജീവിതത്തിലൂടെ കടന്നുപോകാം…
മാധ്യമ പ്രവർത്തക ജി.ആർ. ഗായത്രി എഴുതുന്നു.
കൊച്ചി നഗരത്തിലെ എൽ സി എഫ് റോഡ് ,ഡിസംബർ 7 ,രാത്രി 2 മണി;കടുത്ത ഉറക്കത്തിലായിരുന്നു കൊച്ചി നഗരം .രാവിലെ എല്ലാവരും ഉണരുമ്പോഴെക്കും പലയിടത്തായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ പെറുക്കി ഉന്തുവണ്ടിയിൽ ആക്കുന്ന തിരക്കിലായിരുന്നു ശുചീകരണ തൊഴിലാളികളായ നിഷയും ,ഭർത്താവ് മാരിയപ്പനും. പെട്ടെന്ന് പുറകിൽ ഒരു വണ്ടിയുടെ വെളിച്ചം കണ്ടാണ് നിഷ തിരിഞ്ഞു നോക്കുന്നത്.കാർ കണ്ടയുടനെ ഉന്തുവണ്ടിയിൽ നിന്ന് പിടിവിട്ട് ഒരു വശത്തേയ്ക്ക് കുതറിമാറി.അപ്പോഴേക്കും പാഞ്ഞെത്തിയ കാർ നിഷയുടെ ഇടത് കാലിൽ ഇടിച്ച് കഴിഞ്ഞിരുന്നു .ആൾട്ടോ കാറിൽ നിന്നിറങ്ങിയ ആൾ ,തന്നെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുമെന്ന് വീണു കിടന്ന നിഷ ആശ്വസിച്ചു.അതുണ്ടായില്ല; ഒന്ന് നോക്കിയതിന് ശേഷം അയാൾ അതേ വേഗതയിൽ സ്ഥലം വിടുകയാണുണ്ടായത്. ഇപ്പോൾ മൂന്നു മാസമായിട്ടും നിഷയ്ക്ക് വാക്കറിന്റെ സഹായത്തോടെയല്ലാതെ നടക്കാൻ സാധിച്ചിട്ടില്ല .മക്കളുടെ പഠനവും ,നിഷയുടെ ചികിത്സാ ചെലവുമായി ഇപ്പോൾ പ്രതിസന്ധിയിലാണ് കുടുംബം . നാലു വർഷമായി കൊച്ചി നഗരസഭയുടെ എഴുപത്തി രണ്ടാം ഡിവിഷനിൽ കരാർത്തൊഴിലാളികളാണ് നിഷയും,ഭർത്താവ് മാരിയപ്പനും. മാരിയപ്പൻ ഇരുപത്തഞ്ചു വർഷത്തോളമായി നഗരസഭയുടെ കീഴിൽ കരാർ തൊഴിലാളിയായി ജോലി ചെയ്യുന്നു. ആ രാത്രി കൂടെ മാരിയപ്പൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് താനിപ്പോൾ ജീവനോടെ ഇരിക്കുന്നതെന്ന് വിതുമ്പലോടെ നിഷ പറയുന്നു. പെട്ടി ഓട്ടോയിൽ മാലിന്യമെടുത്തു കൊണ്ടിരിക്കുകയായിരുന്ന മാരിയപ്പൻ ,അതേ വാഹനത്തിൽ തന്നെ നിഷയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോകുന്ന വഴിയിൽ എളമക്കര പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തെങ്കിലും,ആശുപത്രിയിൽ വേഗമെത്തിക്കാൻ നിർദ്ദേശിച്ചതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. അപകടത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ നിഷയെ സന്ദർശിക്കാനോ,സ്റ്റേറ്റ്മെന്റ് എടുക്കാനോ പോലീസും,നഗരസഭ അധികൃതരും തയ്യാറായതുമില്ല.
എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം സി സി ടി വി ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് പുറംലോകം ഇതറിയുന്നത്.തുടർന്ന് എംപി യും ,എം എൽ എ യും,മേയറും,കളക്ടറും അടക്കമുള്ള അധികാരികൾ പ്രശ്നത്തിലിടപ്പെടുകയും പോലീസ് നടപടികൾ വേഗത്തിലാവുകയും ചെയ്തു.അടുത്ത ദിവസം തന്നെ ആൾട്ടോ കാർ കണ്ടെത്തുകയും,പ്രതിയായ സരൻ പ്രസാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ‘മാലിന്യമുക്തം നവകേരളം’ എന്ന ലക്ഷ്യത്തോടെ കേരളം മുന്നേറുമ്പോൾ ആയിരകണക്കിനു വരുന്ന നിഷയെപ്പോലുള്ള കരാർ തൊഴിലാളികൾക്കു എന്ത് പരിരക്ഷയാണ് സർക്കാർ കൊടുക്കുന്നത്! മുമ്പ് ഇതേ സാഹചര്യത്തിൽ രണ്ട് പേർക്ക് കൂടി അപകടമരണം സംഭവിച്ചിട്ടുണ്ടെന്ന കാര്യവും അധികാരികൾ മറക്കരുത് .നഗരത്തിന്റെ സൗന്ദര്യം കൂട്ടാൻ ശുചീകരണത്തൊഴിലാളികൾ അവിഭാജ്യഘടകം ആണെന്നിരിക്കെ,അവർക്ക്അത്യാവശ്യമായ കയ്യുറകളോ,കാലുറകളോ,മാസ്കോ നൽകാൻ പോലും അധികാരികൾക്ക്സാധിക്കുന്നില്ല.നമ്മൾ സുന്ദരമായി ഉറങ്ങുമ്പോൾ കള്ളന്മാരെയും,തെരുവുപട്ടികളെയും,മയക്കുമരുന്നു മാഫിയകളേയും പേടിച്ച് ,നഗരത്തെ സുന്ദരമാക്കാൻ രാത്രിയിൽ കണ്ണിമ വെട്ടാതെ ജോലി ചെയ്യുന്ന ഈ ദിവസവേതനക്കാരുടെ രോദനം ഇനിയെങ്കിലും നഗരസഭ പരിഗണിക്കണം.ഇനി ഈ ജോലിക്ക് പോകാൻ തനിക്ക് പേടിയാണെന്ന് നിഷ ഭീതിയോടെ പറയുമ്പോഴും മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമാവുന്നു
2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ , സമത്വം, ശാക്തീകരണം എന്നതാണ്. എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുന്ന ഒരു സ്ത്രീവാദ ഭാവി കൈവരിക്കുന്നതിന്, സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ, അധികാരം, അവസരങ്ങൾ എന്നിവ തുറന്നുകൊടുക്കുന്നതിനുള്ള നടപടികളാണ് ഈ വർഷത്തെ പ്രമേയം ആവശ്യപ്പെടുന്നത്. എല്ലാ വനിതകൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.
content highlight: Nisha Kochi