ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉൾപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്. ദക്ഷിണേന്ത്യൻ വിദ്യാർഥികളെ ആവശ്യമില്ലെന്ന് ജാമിഅ മില്ലിയ സർവകലാശാല തീരുമാനിച്ചോയെന്ന് ശശി തരൂർ എക്സിൽ കുറിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട് ഹാരിസ് ബീരാൻ എം.പി ജാമിഅ മില്ലിയ വൈസ്ചാൻസലർക്ക് കത്തയച്ചിരുന്നു.
കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വർഷങ്ങളായി ജാമിഅ പരീക്ഷ കേന്ദ്രം അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിഅയിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ കാത്തിരിക്കുന്ന 2000ലധികം വിദ്യാർഥികളാണ് ദുരിതത്തിലാവുകയെന്നും ഹാരിസ് ബീരാൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹി, ലഖ്നോ, ഗുവാഹതി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ ജാമിഅ പ്രവേശന പരീക്ഷ സെന്ററുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപാലിലും മാലേഗാവിലും പുതിയ സെന്ററുകൾ അനുവദിച്ചുവെന്ന് കഴിഞ്ഞ ദിവസം ജാമിഅ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏക കേന്ദ്രമായ തിരുവനന്തപുരം സെന്റർ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം ശതമായതോടെയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയെന്ന അറിയിപ്പ് വരുന്നത്.