രണ്ടു ദിവസമായി കൊല്ലത്തിന്റെ പരിസര പ്രദേശത്തൊന്നും കണ്ടുകിട്ടാനില്ലാതിരുന്ന നടനും, കൊല്ലം എം.എല്‍.എയുമായ മുകേഷിനെ ഇന്ന് കിട്ടി. അതും സംസ്ഥാന സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറിനു മുമ്പില്‍വെച്ച്. മുകേഷ് എവിടെ ? എന്ന ചോദ്യം ഉന്നയിച്ച്. അതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെയും ലൈംഗിക കഥയും പറഞ്ഞ മാധ്യമങ്ങള്‍ക്കെല്ലാം ആസ്വാസമായി. ഒപ്പം മുകേഷിനെ അന്വേഷിച്ചു കണ്ടെത്താന്‍ മാധ്യമങ്ങളോട് ഉത്തരവിട്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും. മുകേഷിനെ കണ്ടതോടെ എല്ലാ അഭ്യുഹങ്ങള്‍ക്കും വിരാരമിട്ടെങ്കിലും മുകേഷില്‍ നിന്നു തന്നെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ത് എന്ന് അറിയേണ്ടതുണ്ടായിരുന്നു.
അതിനു മറുപടി പറയാനും തയ്യാറായാണ് മുകേഷ് എത്തിയതും. മാധ്യമങ്ങള്‍ മൈക്കും നീട്ടി നില്ലതോടെ മുകേഷ് തന്നെ ചോദിക്കുന്നുണ്ട്, ചോദ്യങ്ങളൊന്നും ഇല്ലേ എന്ന്. മുകേഷിന്റെ സ്വതസിദ്ധമായ പരിഹാസമായിരുന്നു ആ ചോദ്യത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളും പരിഹാസവും ഒപ്പം വിമര്‍ശനവും നിറച്ചതായിരുന്നു. സ്വന്തം മണ്ഡലത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്തായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ
“രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. അവിടെ പോയിട്ട് തിരിച്ചു വന്നു. അത്രേയുള്ളൂ. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തു നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ.’ നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് പറഞ്ഞു. ഇന്ന് രാവിലെ, ലണ്ടനില്‍ നിന്ന് ഒരാള്‍ വിളിച്ചു. സംസ്ഥാന സമ്മേളനത്തിന് പോകുന്നില്ലേ.
നിങ്ങള് ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍, ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയത്. ജോലിക്കൊരു പ്രാധാന്യം കൊടുക്കണ്ടെ. ജീവിതമാര്‍ഗ്ഗമല്ലേ. ഇന്ന് സമ്മേളനത്തിന് പോകുമെന്നും അയാളെ അറിയിച്ചു. പിന്നെ, സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ത് എന്ന ചോദ്യം, നിങ്ങള്‍ക്ക് അറിഞ്ഞൂടാത്തതു കൊണ്ടാണ് ചോദിക്കുന്നത്.
ഇവിടെ സംസ്ഥാന സമ്മേളന പ്രതിനിധികളാണുള്ളത്. മെമ്പര്‍മാരാണ്. ഞാന്‍ മെമ്പറല്ല. എനിക്ക് അതിന്റേതായ പരിമിതിയുണ്ട്. പക്ഷെ, ഞാന്‍ ലോഗോ പ്രകാശനത്തിനുണ്ടായിരുന്നു. ഇതോടൊപ്പം നടന്ന ഇന്റര്‍നാാഷണല്‍ കബഡി മത്സരത്തിന് ശ്രീലങ്കയില്‍ നിന്നു വന്ന ടടീമിന് ഫസ്റ്റ് പ്രൈസ് കൊടുത്തത് ഞാനാണ്. ഒ. മാധവന്‍ ഫൗണ്ടേഷനാണ്. ഇതില്‍ കൂടുതല്‍ എന്തോ ചെയ്യണം. പിന്നെ, ഒരു കാര്യം കൂടെയുണ്ട്.
അടുത്ത മാസം മൂന്നു ദിവസം ചെന്നൈയിലാണ്. രണ്ടു ദിവസം മൈസൂരാണ്. ഏപ്രില്‍ 22 മുതല്‍ എം.എല്‍.എമാരുടെ ഒരു ടൂര്‍-കാശ്മീര്‍, ഡെല്‍ഹി, ഹൈദ്രാബാദ് എന്നിവിടങ്ങളിലുണ്ട്. അതെല്ലാംകൂടെ അറിയിക്കുകയാണ്. ആ സമയത്ത് ബഹളമുണ്ടാക്കരുത്. കൊല്ലം ഇളക്കി മറിക്കുകയാണ്. അതെല്ലാം അറിയാം. ഇതിന്റെ പിന്നില്‍ എന്താണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇത്രയും ഗംഭീരമായി നടക്കുമ്പോള്‍ എന്തെങ്കിലും സംഭവം കിട്ടുമോ എന്നു നോക്കുകയാണ്. അത് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതോടെ തീര്‍ന്നു.
പിന്നെഞാന്‍ ഒന്നുകൂടി പറയുകയാണ്. ഇത്രയും ഗംഭീരമായിട്ടുള്ള ഒരു സമ്മേളനം തീര്‍ച്ചയായും കൊല്ലംകാര്‍ക്ക് അഭിമാനിക്കാം. ഇനി ആര് എതിര്‍പ്പ് പറഞ്ഞാലും, എതിര്‍ രാഷ്ട്രീയം ആണെങ്കില്‍പ്പോലും കെട്ടുറപ്പോടുകൂടി സംഘടനാ ശക്തിയോടു കൂടി ഒരു വലിയ സമ്മേളനം തന്നെയാണ്. അതില്‍ ഒരുപാട് സുഭസൂചനകളുണ്ട്. അത് ഇപ്പോള്‍ പറയുന്നില്ല. നാളെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും”
കൊല്ലം എം.എല്‍.എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് പാര്‍ട്ടി ഇടപെട്ട് മുകേഷിനോട് കൊല്ലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടത്.
ഷൂട്ടിങ് തിരക്കിലായതിനാല്‍ മുകേഷ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യം കൊല്ലത്തെ സി.പി.എം നേതാക്കള്‍ ആരും സ്ഥിരീകരിച്ചില്ലെന്നാണ് സൂചന. മുകേഷിന് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററോട് മുകേഷ് എവിടെയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ‘മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു’ മറുപടി. ആ മറുപടിയില്‍ പാര്‍ട്ടി ഉദ്ദേശിച്ചതെന്താണ് എന്നത് ഇപ്പോഴും ദുരൂഹമാണ്.
കൊല്ലം ജില്ലയില്‍, കൊല്ലം മണ്ഡലത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളത്തിന്റെ മുമ്പില്‍ സംഘാടകന്റെ റോളില്‍ നില്‍ക്കേണ്ട പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയെയാണ് മാധ്യമങ്ങള്‍ ചോദിച്ചത്. അപ്പോള്‍ സെക്രട്ടറി പറഞ്ഞ മറുപടി കേരളത്തിലെ ഒരു സിനിമാ നടനെ കുറിച്ചു ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിക്കു സമമാണ്. മുകേഷ് ഒരു നടന്‍ എന്നതിലുപരി കൊല്ലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ ആണ് അതും സി.പി.എമ്മിന്റെ MLA. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്മേളനം നടക്കുമ്പോള്‍ അണികള്‍ പോലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അവിടെ എത്തും.
അപ്പോള്‍ പാര്‍ട്ടി എം.എല്‍.എക്ക് അതില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകേണ്ടതാണ്. ഇനി മുകേഷിന് അത്രയും ഉത്തരവാദിത്വം ഇല്ലെന്ന് പാര്‍ട്ടിയും നേതാക്കളും പരസ്യമായി പറയുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്കോ ജനങ്ങള്‍ക്കോ അതില്‍ കാര്യമില്ല എന്നേ പറയാനുള്ളൂ. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് എം മുകേഷിനെതിരെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പിതാവായ ഒ. മാധവന്റെ പേരില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനൊഴികെ പൊതുപരിപാടികള്‍ക്കും കുറ്റപത്രം സമര്‍പ്പിച്ച ശേഷം മുകേഷ് കാര്യമായി പങ്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചാണ്
വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാര്‍ട്ടി അംഗത്വം നല്‍കിയിട്ടില്ല എന്നതാണ് പാര്‍ട്ടി പ്രധാനമായും എടുത്തു കാട്ടുന്നത്. എങ്കിലും തന്റെ അസാന്നിധ്യം വാര്‍ത്തയായ സ്ഥിതിക്ക് സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ എല്ലാവരും ആസ്വസിക്കുകയാണ്.
CONTENT HIGH LIGHTS; Wow, Mukesh has reached the CPM convention city!!: Now the media and M.V. Govindan Master can rest in peace; There is no Kollam without us, thanks to the media for their care; Mukesh mocks and criticizes