Kerala

നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ ആസൂത്രിതനീക്കം നടന്നു; പി.പി ദിവ്യയ്ക്കെതിരെ മൊഴി – navin babu death

ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍

കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്‌ക്കെതിരായ മൊഴി ഉൾപ്പെട്ടിരിക്കുന്നത്.

പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. കൂടാതെ പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ മൊഴിനല്‍കി.

ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

STORY HIGHLIGHT: navin babu death