കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ പാന്തേഴ്‌സിനും ഈഗിള്‍സിനും വിജയം. പാന്തേഴ്‌സ് ടൈഗേഴ്‌സിനെ 52 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ലയണ്‍സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഈഗിള്‍സിന്റെ വിജയം. ലയണ്‍സ് ഉയര്‍ത്തിയ 204 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടന്നാണ് ഈഗിള്‍സ് ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ടൈഗേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്‌സ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈഗേഴ്‌സ് 19 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ എസ് സുബിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാന്തേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഉജ്ജ്വല പ്രകടനം കാഴ്ച വച്ച സുബിന്‍ 49 പന്തുകളില്‍ ഏഴ് ഫോറും ഒന്‍പത് സിക്‌സുമടക്കം 101 റണ്‍സാണ് നേടിയത്. സുബിനും 41 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 140 റണ്‍സ് പിറന്നു. 17 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 47 റണ്‍സെടുത്ത അബ്ദുള്‍ ബാസിതും മൂന്ന് പന്തുകളില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്ന മിഥുനുമെല്ലാം പാന്തേഴ്‌സ് ബാറ്റിങ് നിരയില്‍ തിളങ്ങി. ടൈഗേഴ്‌സിന് വേണ്ടി ആല്‍ബിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈഗേഴ്‌സിന് വേണ്ടി നീല്‍ സണ്ണിയും രോഹന്‍ നായരും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. നീല്‍ 38 പന്തുകളില്‍ 54ഉം രോഹന്‍ 34 പന്തുകളില്‍ 63ഉം റണ്‍സെടുത്തു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അഖിന്‍ സത്താറാണ് പാന്തേഴ്‌സ് ബോളിങ് നിരയില്‍ തിളങ്ങിയത്. അനുരാജ് മൂന്നും ഗോകുല്‍ ഗോപിനാഥ് ഒരു വിക്കറ്റും വീഴ്ത്തി.
റണ്ണൊഴുകിയ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയ ഗോവിന്ദ് പൈയുടെയും അര്‍ജുന്‍ എ കെയുടെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് ലയണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഗോവിന്ദ് പൈ 52 പന്തുകളില്‍ നിന്ന് 103 റണ്‍സ് നേടിയപ്പോള്‍ അര്‍ജുന്‍ 52 പന്തുകളില്‍ നിന്ന് 69 റണ്‍സെടുത്തു. ഒന്‍പത് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഗോവിന്ദ് പൈയുടെ ഇന്നിങ്‌സ്. ലയണ്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഈഗിള്‍സിന് വേണ്ടി വിജയ് വിശ്വനാഥ് മൂന്നും ഷൈന്‍ ജോണ്‍ ജേക്കബ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിള്‍സിന് ആനന്ദ് കൃഷ്ണനും വിഷ്ണുരാജും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. ആനന്ദ് 36 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്തപ്പോള്‍ വിഷ്ണുരാജ് 12 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്തു. അക്ഷയ് മനോഹര്‍ 37 റണ്‍സും സിജോമോന്‍ ജോസഫ് 26 റണ്‍സുമായി പുറത്താകാതെ നിന്നു. 30 റണ്‍സെടുത്ത അനുജ് ജോട്ടിനും ഈഗിള്‍സിനായി തിളങ്ങി. നാല് പന്തുകള്‍ ബാക്കി നില്‌ക്കെ ഈഗിള്‍സ് ലക്ഷ്യത്തിലെത്തി. ലയണ്‍സിന് വേണ്ടി ഷറഫുദ്ദീനും ആദര്‍ശും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി