വനിതകള്‍ക്ക് മഹിള സമൃദ്ധി പദ്ധതിപ്രകാരം പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേന്ന മന്ത്രിസഭായോഗത്തിലാണ് വനിതകള്‍ക്കുളള പദ്ധതിക്ക് അംഗീകാരം നൽകിയത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
‘ഇന്ന് വനിത ദിനമാണ്. ഈ സവിശേഷ മുഹൂര്‍ത്തത്തില്‍ ഞങ്ങള്‍ മന്ത്രി സഭായോഗം ചേര്‍ന്ന് മഹിള സമൃദ്ധി പദ്ധതി പ്രകാരം വനിതകൾക്ക് 2,500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നല്കി. തിരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, ഡല്‍ഹിയില്‍ താമസമാക്കിയ 18-നും 60-നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗവണ്മെന്റ് ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഇതിനായി 5,100 കോടി വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കും.
STORY HIGHLIGHT: delhi approves mahila samriddhi scheme