താനൂരില്‍നിന്ന് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്രചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധംകൊണ്ട് ഒപ്പം കൂടിയതെന്നാണ് യുവാവ് പറഞ്ഞത്.
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്നുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടികളെ ആര്.പി.എഫ്. കണ്ടെത്തിയത്.
STORY HIGHLIGHT: missing schoolgirls from tanur