കാസർഗോഡ് പൈവളിക മണ്ടേക്കാപ്പ് ശിവനഗരത്ത് 15കാരിയെ കാണാതായ സംഭവത്തിൽ 42കാരനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിക്കൊപ്പം കാണാതായ 42കാരനെ സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെയാണ് കാണാതായത്. മകളെ എത്രയും വേഗം കണ്ടെത്തണമെന്നും പ്രദേശവാസിയായ പ്രദീപ് എന്നയാളെ സംശയമുണ്ടെന്നും അമ്മ പ്രഭാവതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇളയകുട്ടിയാണ് ചേച്ചിയെ കാണാതായെന്ന് ആദ്യം പറയുന്നതെന്ന് പിതാവ് പ്രിയേഷ് പറഞ്ഞു. വീടിന്റെ പിന്‍വാതിൽ തുറന്നുകിടക്കുകയായിരുന്നു. തെരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായെന്ന് പറഞ്ഞ് പ്രദീപിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ലെന്നും ഇതോടെയാണ് അവനെ സംശയം തോന്നിയതെന്നും തുടര്‍ന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പ്രഭാവതി പറഞ്ഞു.
ഫെബ്രുവരി 12 മുതലാണ് ശ്രേയയെ കാണാതായത്. പെണ്‍കുട്ടിയെ കണ്ടെത്താൻ ഊര്‍ജിത അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുമ്പള പൊലീസില്‍ വിവരം അറിയിക്കണം.
അന്വേഷണം എങ്ങുമെത്താത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.