Kerala

ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യനില തൃപ്തികരം

ത്യശ്ശൂരിൽ കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് നിരീക്ഷണ സംഘം.

മയക്കുവെടി നൽകി ചികിത്സ നൽകാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായി സിസിഎഫ് വാഴച്ചാല്‍ ഡിഎഫ്ഒ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അനുമതി ലഭിക്കുന്ന മുറക്ക് മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡോ. റെജിന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഏഴാറ്റുമുഖം ഭാഗത്താണ് സംഘം നിരീക്ഷണം നടത്തിയത്. എന്നാല്‍ അതിരപ്പിള്ളി ഭാഗത്ത് വൈകീട്ടോടെ ആനയെ കണ്ടു. കാര്യമായ ആരോഗ്യപ്രശ്‌നം ആനക്കില്ലെന്നാണ് വിലയിരുത്തല്‍.

അടിയന്തിര ചികിത്സ നൽകുന്നില്ലെങ്കിലും ആനയെ വരും ദിവസങ്ങളിലും നിരീക്ഷിക്കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. ആനയ്ക്ക് കൂടുതല്‍ ആരോഗ്യപ്രശ്‌നമുള്ളതായി കണ്ടെത്തിയാല്‍ ചികിത്സ നൽകുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും വനം വകുപ്പ് അറിയിച്ചു.