അഗളി: വനിതാദിനാചരണം വേറിട്ട അനുഭവമാക്കി പട്ടികവർഗ്ഗ വനിതകൾ. ഈ വർഷത്തെ വനിതാദിനാചരണം കാർത്തുമ്പി കുടകൾ നെയ്തു കൊണ്ടാണ് ആദിവാസി കൂട്ടായ്മയായ തമ്പിന്റെ കീഴിൽ ഈ വർഷത്തെ വനിതാദിനാചരണം നടത്തിയത്. ഷോളയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തമ്പ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് കാർത്തുമ്പി കുട നെയ്ത്തു ഉത്സവം ഉദ്ഘാടനം നടത്തി. മനീഷ് ശ്രീകാര്യം അധ്യക്ഷത വഹിച്ചു.
യു എൻ ഈ വർഷം മുന്നോട്ട് വയ്ക്കുന്ന അവകാശവും, തുല്യതയും, ശാക്തീകരണവും എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലഭ്യമാകണമെന്ന് ഉറപ്പു നൽകുന്നു. അതിന്റെ ഭാഗമായി നടന്ന പത്താം ബാച്ച് കുട നിർമ്മാണ ശിബിരത്തിന്റെ ഭാഗമായി കുട നിർമ്മാണ പഠനകളരിയിൽ അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നായി അമ്പതോളം സ്ത്രീകൾ പങ്കെടുത്തു. ബിനിൽകുമാർ യു എൻ സന്ദേശം പഠിതാക്കളുമായി പങ്കുവച്ചു. തമ്പ് കൺവീനർ കെ എ രാമു മുഖ്യപ്രഭാഷണം നടത്തി. പണലി ഗോട്ടിയാർക്കണ്ടി, സുധീഷ് പട്ടണകല്ല്, രേവതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
പഠനശിബിരം അഞ്ചുദിവസം നീണ്ടുനിൽക്കും. ചാലക്കുടി ബദൽ ജീവിത പഠന കേന്ദ്രം ഡയറക്ടർ വർഗീസ് പോൾ വിവിധതരം കുടകളുടെ നിർമാണത്തെയും വിപണനത്തെയും സംബന്ധിച്ച് ക്ലാസുകൾ നയിച്ചു. ബദൽ ജീവിതം സാധ്യമാകണമെങ്കിൽ സാമ്പത്തിക ശാക്തീകരണം ഒരു അനിവാര്യതയാണെന്നും അതിനായുള്ള ശ്രമങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ സാമ്പത്തിക ശാക്തീകരണം ബദൽ ജീവിതശൈലി എന്നിവയിൽ ക്ലാസുകൾ ഉണ്ടാകും.
കൊച്ചിൻ ഷിപ്പിയാർഡ് സിഎസ് ആറിന്റെ സഹകരണത്തോടെയാണ് കാർത്തുമ്പി കുട നിർമ്മാണ പരിശീലനം നടത്തുന്നത്.കഴിഞ്ഞ 10 വർഷക്കാലമായി ആരംഭിച്ച കാർത്തുമ്പി കുട നിർമ്മാണത്തിൽ ഏകദേശം 400ഓളം ആദിവാസി യുവതികൾക്ക് പരിശീലനം നൽകുകയുണ്ടായി. ഈ വർഷം കുട നിർമ്മാണം കൂടാതെ മറ്റു ഉപജീവന സംരമ്പങ്ങളെ സംബന്ധിച്ചും പഠിതാകൾക്കു ക്ലാസുകൾ നൽകും.