Recipe

എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം ഗോതമ്പ് കിണ്ണത്തപ്പം – wheat kinnathappam

വളരെ എളുപ്പത്തിൽ തേങ്ങാപ്പാൽ ഇല്ലാതെ തയ്യാറാക്കിയെടുക്കാം ഒരു അടിപൊളി ഗോതമ്പ് കിണ്ണത്തപ്പം. ലളിതവും മൃദുവുമായ കിണ്ണത്തപ്പം വീട്ടിൽ ലഭ്യമായ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണിത്.

ചേരുവകൾ

  • ശർക്കര – 250 ഗ്രാം
  • വെള്ളം – അരക്കപ്പ്
  • ഗോതമ്പ് പൊടി – ഒന്നര കപ്പ്
  • പശുവിൻ പാൽ – അര ലിറ്റർ
  • ഉപ്പ് – കാൽ ടീസ്പൂൺ
  • ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ
  • നെയ്യ് – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ശർക്കര വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുത്തു മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് തിളപ്പിച്ച് ആറിയ പശുവിൻ പാലും നേരത്തെ ഉരുക്കി വച്ച ശർക്കര നീരും ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കാം. ഇതിലേക്ക് ഉപ്പും ഏലക്കായ പൊടിച്ചതും നെയ്യും ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പത്ത് മിനിറ്റ് നേരം മൂടി വയ്ക്കാം. ഈ നേരം കൊണ്ട് ആവിയിൽ വയ്ക്കേണ്ട പാത്രങ്ങൾ നെയ്യ് തടവി മാറ്റി വയ്ക്കാം. ഇനി പാത്രത്തിലേക്ക് കിണ്ണത്തപ്പത്തിന്റെ കട്ടിയ്ക്കുള്ള മാവു ഒഴിച്ചുകൊടുത്ത് ഒരു 12 മിനിറ്റ് തൊട്ട് 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം.

STORY HIGHLIGHT: wheat kinnathappam