വനിതാ അണ്ടര്‍ 23 ഏകദിന ടൂര്‍ണ്ണമെന്റില്‍ മേഘാലയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. 179 റണ്‍സിനാണ് കേരളം മേഘാലയയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 84 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 66 റണ്‍സെടുക്കുകയും ചെയ്ത ക്യാപ്റ്റന്‍ നജ്‌ല സിഎംസിയുടെ പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ ദിയ ഗിരീഷും മാളവിക സാബുവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 റണ്‍സെടുത്ത മാളവിക റണ്ണൌട്ടായെങ്കിലും ദിയ ഗിരീഷ് 62 പന്തുകളില്‍ 60 റണ്‍സ് നേടി. തുടര്‍ന്നെത്തിയ വൈഷ്ണ 44 റണ്‍സെടുത്തു. വൈഷ്ണ പുറത്തായതോടെ അടുപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കളം നിറഞ്ഞ നജ്‌ലയുടെ പ്രകടനം കേരളത്തിന് തുണയായി. നജ്‌ലയ്‌ക്കൊപ്പം മികച്ച പ്രകടനവുമായി വാലറ്റക്കാരായ അജന്യയും സൂര്യ സുകുമാറും കൂടി ചേര്‍ന്നതോടെയാണ് കേരളം 263 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്. 83 പന്തുകളില്‍ 66 റണ്‍സുമായി നജ്‌ല പുറത്താകാതെ നിന്നു. അജന്യ 32 പന്തുകളില്‍ 29ഉം സൂര്യ സുകുമാര്‍ 14 പന്തുകളില്‍ 20 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. 22 റണ്‍സെടുത്ത അങ്കിതയും 18 റണ്‍സെടുത്ത സുരിതിയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. 38.4 ഓവറില്‍ 84 റണ്‍സിന് മേഘാലയ ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നജ്‌ല സിഎംസിയാണ് മേഘാലയ ബാറ്റിങ് നിരയെ തകര്‍ത്തത്. മേഘാലയയുടെ രണ്ട് ബാറ്റര്‍മാരെ റണ്ണൌട്ടിലൂടെ പുറത്താക്കിയതും നജ്‌ല തന്നെ. സൂര്യ സുകുമാര്‍, നിയ നസ്‌നീന്‍, അലീന എംപി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.