Sports

കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ ലയണ്‍സിനും ടൈഗേഴ്‌സിനും വിജയം

ആലപ്പുഴയില്‍ നടക്കുന്ന കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ ലയണ്‍സിനും ടൈഗേഴ്‌സിനും വിജയം. കരുത്തരായ റോയല്‍സിനെ 61 റണ്‍സിനാണ് ലയണ്‍സ് തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ഈഗിള്‍സിനെ 87 റണ്‍സിന് തോല്പിച്ച് ടൈഗേഴ്‌സ് ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം കുറിച്ചു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആകര്‍ഷിന്റെയും ഗോവിന്ദ് പൈയുടെയും കൃഷ്ണ ദേവന്റെയും പ്രകടനമാണ് റോയല്‍സിനെതിരെ ലയണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍മാര്‍ ചെറിയ സ്‌കോറുമായി മടങ്ങിയെങ്കിലും ആകര്‍ഷും ഗോവിന്ദ് പൈയും ചേര്‍ന്ന 90 റണ്‍സ് കൂട്ടുകെട്ടാണ് ലയണ്‍സിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. 36 പന്തുകളില്‍ അഞ്ച് ഫോറും ആറ് സിക്‌സുമടക്കം ആകര്‍ഷ് 68 റണ്‍സെടുത്തു. ഗോവിന്ദ് പൈ 43 പന്തുകളില്‍ 71 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 24 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്ത കൃഷ്ണദേവന്റെ പ്രകടനവും ശ്രദ്ധേയമായി.

ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. റോയല്‍സിന് വേണ്ടി ഫാസില്‍ ഫാനൂസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വലിയ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ റോയല്‍സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാനായില്ല. 34 റണ്‍സെടുത്ത അക്ഷയ് ആണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. ഷോണ്‍ റോജറും കാമില്‍ അബൂബക്കറും 29 റണ്‍സ് വീതവും ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയ 27 ഉം റണ്‍സെടുത്തു. റോയല്‍സിന്റെ മറുപടി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 172 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണ്ണമെന്റില്‍ റോയല്‍സിന്റെ ആദ്യ തോല്‍വിയാണിത്. ലയണ്‍സിന് വേണ്ടി ഷറഫുദ്ദീന്‍ മൂന്നും വിനയ് വര്‍ഗീസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം മത്സരത്തില്‍ ഈഗിള്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 14 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 44 റണ്‍സുമായി പുറത്താകാതെ നിന്ന പള്ളം അന്‍ഫലിന്റെ പ്രകടനമാണ് ടൈഗേഴ്‌സ് ബാറ്റിങ് നിരയില്‍ ശ്രദ്ധേയമായത്. 50 റണ്‍സെടുത്ത മാനവ് കൃഷ്ണയും 37 റണ്‍സെടുത്ത അഭിഷേക് നായരും 30 റണ്‍സെടുത്ത അജ്‌നാസും ടൈഗേഴ്‌സ് ബാറ്റിങ് നിരയില്‍ തിളങ്ങി. രാഹുല്‍ ചന്ദ്രനും ആതിഫ് ബിന്‍ അഷ്‌റഫും ഈഗിള്‍സിനായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിള്‍സ് ബാറ്റിങ് നിരയില്‍ 28 റണ്‍സെടുത്ത അക്ഷയ് മനോഹര്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 18.3 ഓവറില്‍ 124 റണ്‍സിന് ഈഗിള്‍സ് പുറത്തായി.ടൈഗേഴ്‌സിന് വേണ്ടി ബിജു നാരായണന്‍ മൂന്നും ആല്‍ബിന്‍, ജിഷ്ണു, ശ്രീഹരി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.