തണുപ്പുകാലത്ത് വളരുന്ന പച്ചക്കറിയുടെ ഇനത്തില്‍പ്പെട്ടതാണ് ബ്രൊക്കോളി. മഴക്കാലത്തും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കേരളത്തില്‍ ഇടുക്കിയില്‍ ബ്രൊക്കോളി വളര്‍ത്തുന്നുണ്ട്. കാബേജിന്റെ കുടുംബക്കാരനായ ഈ പച്ചക്കറി വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. വിറ്റാമിനുകളും മിനറലും അടങ്ങിയ ഈ ബ്രൊക്കോളി സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. അമിതവണ്ണമുള്ളവര്‍ക്ക് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്.
വിത്തുകള്‍ പാകി മുളപ്പിക്കുന്നതിന് വേണ്ടി 50 % തണലുള്ള സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. മണ്ണ്, മണല്‍, ചാണകപ്പൊടി / കമ്പോസ്റ്റ് 1 : 1 : 1 എന്ന അനുപാതത്തില്‍ നടീല്‍ മിശ്രിതം കലര്‍ത്തി തയ്യാറാക്കാം. അമ്ലത കൂടുതലുള്ള മണ്ണാണെങ്കില്‍ പത്തു കിലോ മിശ്രിതത്തിന് 100 ഗ്രാം കുമ്മായം കൂടെ ചേര്‍ത്ത മിശ്രിതം നനവോടെ ഒരാഴ്ച തണലില്‍ സൂക്ഷിക്കണം.
അതിനു ശേഷം ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയില്‍ ഏതെങ്കിലും ഒരു കിലോ നടീല്‍ മിശ്രിതത്തിന് 10 ഗ്രാം എന്ന തോതില്‍ അല്‍പം നനവോടെ ചേര്‍ക്കാം. ചെടികളുടെ കടചീയലിന് കാരണമാവുന്ന കുമിളുകളുടെ വളര്‍ച്ച തടയാനാണിത്. നടീല്‍ മിശ്രിതം ഉപയോഗിച്ചുള്ള തടങ്ങള്‍ അരയടി ഉയരത്തിലും ഒരടിയെങ്കിലും വീതിയിലും ആവശ്യത്തിന് നീളത്തിലും തയ്യാറാക്കം.
വിത്തുകള്‍ ഓരോന്നും 0.5 മുതല്‍ 1 c m ആഴത്തിലും രണ്ട് ഇഞ്ച് അകലത്തിലും പാകാം. Pro tray-കളിലാണെങ്കില്‍ നടീല്‍ മിശ്രിതം നിറച്ച ഓരോ കുഴിയിലും ഓരോ വിത്തുകള്‍ വീതമാണ് പാകേണ്ടത്. മുളച്ച ശേഷം 25 – 30 ദിവസം കഴിയുമ്പോള്‍ (ഏകദേശം 10 cm ഉയരമാവുമ്പോള്‍) സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടം തിരഞ്ഞെടുത്ത് മുന്‍പേ തയ്യാറാക്കിയ നീര്‍വാര്‍ച്ചയുള്ളതും വളകൂറുള്ളതുമായ മണ്ണിലേക്കോ, ഗ്രോ ബാഗിലേക്കോ തൈകള്‍ പറിച്ചു നടാം.
കമ്പോസ്റ്റ് ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ തവണയും ജൈവസ്ലറി, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, ജീവാമൃതം എന്നിവ മാറി മാറി ആഴ്ചയില്‍ ഒരിക്കല്‍ വീതം വളര്‍ച്ചക്കനുസൃതമായി തടത്തില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്. ജീവാണുവളം ഒന്നോ രണ്ടോ തവണ പ്രയോഗിക്കുന്നതും ഈ ഹ്രസ്വകാല വീളകള്‍ക്ക് ഉത്തമമാണ്.
സ്യൂഡോമോണസ് 20 ദിവസത്തില്‍ ഒരിക്കല്‍ ഇലകളില്‍ സ്‌പ്രേയായും, തടത്തിലും പ്രയോഗിക്കാം. രോഗങ്ങള്‍ വരാതിരിക്കാനും ചെടികള്‍ കരുത്തോടെ വളരാനും ഇത് സഹായിക്കും. പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ ചെടികളില്‍ നിന്നും പറിച്ചു മാറ്റി നശിപ്പിക്കുന്നത് ചെടികള്‍ക്കിടയില്‍ ഈര്‍പ്പം നില്‍ക്കാതിരിക്കാന്‍ നല്ലതാണ്. വേപ്പെണ്ണ മിശ്രിതം 20 ദിവസത്തിലൊരിക്കല്‍ സ്‌പ്രേ ചെയ്തു കൊടുക്കുന്നത് കീടങ്ങളെ അകറ്റി നിര്‍ത്തും.
ഇലകളില്‍ കുമിള്‍ രോഗങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മുറക്ക് കോപ്പര്‍ ഓക്‌സി ക്ലോറൈഡ് എല്ലാ ചെടികളിലും പ്രയോഗിക്കാം. ക്രമമായ ജലസേചനവും നീര്‍വാര്‍ച്ചയും ഉറപ്പാക്കുക എന്നത് ബ്രോക്കോളി കൃഷിയുടെ പ്രധാനപ്പെട്ട കാര്യമാണ്.
content highlight : how-to-grow-broccoli