Kerala

എ പത്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കും, വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാല്‍: രാജു എബ്രഹാം

എ പത്മകുമാർ പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാവാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്താതെ പോയ സാഹചര്യം പാർട്ടി വ്യക്തമായി പരിശോധിക്കും. എന്തുകൊണ്ടാണ് പത്മകുമാർ ഫേസ്ബുക്കിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ഉണ്ടായതെന്ന് ഗൗരവത്തോടുകൂടിയാണ് പരിശോധിക്കുന്നതെന്ന് രാജു എബ്രഹാം പറഞ്ഞു.

മന്ത്രിമാർ പാർട്ടിയുടെ സംസ്ഥാന സമിതി മെമ്പർമാരല്ലെങ്കിൽ അവരെ അമിതിയിലേക്ക് ക്ഷണിക്കുന്നത് കീഴ്വഴക്കമാണ്. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. വീണാ ജോർജ് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലാണ് പാർട്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാവായി വീണയെ തീരുമാനിച്ചതും. മന്ത്രിയെന്ന നിലയിയിൽ എല്ലാ ഉത്തരവാദിത്വവും ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്ന ഒരാളാണ് വീണാ ജോർജ്. ശ്രീമതി ടീച്ചറും ഷൈലജ ടീച്ചറുമെല്ലാം തുടങ്ങിവെച്ച ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിലാണ് വീണാ ജോർജ് കൈകാര്യം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതെന്നും രാജു എബ്രഹാം പറഞ്ഞു.

പത്മകുമാറിന്റെ അഭിപ്രായങ്ങൾ പറയേണ്ടത് അദ്ദേഹത്തിന്റെ ഘടകത്തിലാണ്. പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട് അതിനനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. പാർട്ടി ഘടകം തന്നെയാണ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. പത്മകുമാറിന്‍റെ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും ഇന്നുതന്നെ പത്മകുമാറിനെ നേരിൽ കാണുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

Latest News