കൊല്ലത്തു സമാപിച്ച സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടെ അവസാനിച്ചത് എന്താണെന്ന് കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി അറിയില്ല എന്നായിരിക്കും. സംസ്ഥാന സമ്മേളനം നടന്നു, പുതിയ കമ്മിറ്റി രൂപീകരിച്ചു, പ്രായാധിക്യമുള്ളവരെ മാറ്റി, പുതിയ ആള്‍ക്കാരെ കയറ്റി, അതില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി, അതെല്ലാം പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഇതിലും വലിയ ഉത്തരമോ, വിശദീകരണമോ നല്‍കാന്‍ പാര്‍ട്ടി അണികള്‍ക്ക് കഴിയില്ല. കാരണം, അവര്‍ സംഘടനാ സംവിധാനങ്ങള്‍ മനസ്സിലാക്കുന്നതില്‍ അശക്തരാണ്. അശക്തര്‍ക്കാണ് ശക്തമായ നേതൃത്വം വേണ്ടത്. സ്വയം അശക്തരാവുകയും, മറ്റൊരാളില്‍ ശക്തി കാണുകയും, അയാളിലേക്ക് അഭയം തേടുകയും ചെയ്യുമ്പോഴാണ് ഏകാധിപത്യത്തിന്റെ മുഖം തെളിഞ്ഞു വരുന്നത്.
അത് സി.പി.ഐഎമ്മലും കാണുന്നത് സ്വാഭാവികം മാത്രം. പാര്‍ട്ടി ശക്തമാകണമെങ്കില്‍ സംഘടനാ സംവിധാനങ്ങളെ കുറിച്ചും, പാര്‍ട്ടി പരിപാടികളെ കുറിച്ചും അണികള്‍ക്ക് വയ്കതായ ധാരണ ഉണ്ടായിരിക്കണം. അത് ഉണ്ടായിരുന്നെങ്കില്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന സി.പി.എമ്മിന്റെ സ്ഥാപക നേതാവ് ഇപ്പോഴും പാര്‍ട്ടി ഘടകത്തില്‍ ഉണ്ടായേനെ. ഗ്രൂപ്പ് പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചത്, വി.എസ്. വിശ്രമ ജീവിതത്തിലേക്ക് കടന്നതു കൊണ്ടു മാത്രമാണ്. അല്ലാതെ, ആരുടെയും മുമ്പില്‍ പരാജയം സമ്മതിച്ച് മാറിയതല്ല. വാര്‍ദ്ധക്യസഹജമായ അസുഖബാധയാല്‍ കിടക്കയില്‍ വീണതോടെയാണ് വി.എസിനെ ഘടകങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി തുടങ്ങിയത്.
അതെല്ലാം സാങ്കേതികമായ ഒഴിവാക്കല്‍ മാത്രമാകുന്നത്, വി.എസ് സി.പി.ഐഎം എന്ന പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളയതു കൊണ്ടും, ജീവിച്ചിരിക്കുന്ന സ്ഥാപക നേതാവായതു കൊണ്ടുമാണ്. ആ കഥ ഇന്നത്തെ തലമുറ നേതാക്കള്‍ക്കോ, അണികള്‍ക്കോ, അംഗങ്ങള്‍ക്കോ നിശ്ചയമുണ്ടാകണമെന്നില്ല. വി.എസ്. ഗ്രൂപ്പുകാര്‍ വി.എസിനെ ഉയര്‍ത്തിക്കാണിച്ച് പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതു പോലെയുള്ള പാഴ്ശ്രമമല്ലിത്. പാര്‍ട്ടിയെ ഇത്രയും നാള്‍ നോകത്കി വളര്‍ത്തിയതിന്റെ പങ്ക് വി.എസിന് ഉള്ളതു കൊണ്ടു തന്നെയാണ്. അതുകൊണ്ട് ആ കഥ അറിയാന്‍ ശ്രമിക്കുകയോ, പഠിക്കുകയോ ചെയ്യുന്നത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെ കുറിച്ച് അറിയാന്‍ ഉപകരിച്ചേക്കാം.
1925ല്‍ കാണ്‍പൂരില്‍ സ്ഥാപിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം 1939ല്‍ കേരളത്തില്‍ പിണറായിയിലെ പാറപ്രത്താണ് രൂപം കൊണ്ടത്. സമരങ്ങളും ബഹുജപ്രക്ഷോഭങ്ങളും പാര്‍ട്ടി നിരോധനവും കയ്യൂര്‍ പോലുള്ള സമരങ്ങളിലെ രക്തസാക്ഷിത്വവും പുന്നപ്ര വയലാര്‍ പോലുള്ള സായുധസമരങ്ങളും നടത്തി തീഷ്ണമായ കാലത്തിലൂടെ കടന്നുപോയ പാര്‍ട്ടി 1957ല്‍ തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലേറി ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
1962 ഒക്ടോബറില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അധിനിവേശം നടത്തിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കി. പാര്‍ട്ടിയിലെ പ്രമുഖന്‍ ഇസഡ് എ അഹമ്മദ് ചൈനീസ് ആക്രമണത്തെ പരസ്യമായി വിമര്‍ശിച്ചു. അഹമ്മദ് ബൂര്‍ഷ്വാ ദേശീയവാദിയാണെന്ന് ജ്യോതി ബസു വിമര്‍ശിച്ചതോടെ പാര്‍ട്ടിയില്‍ രൂപംകൊണ്ടിരുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നു. സി.പി.ഐ ജനറല്‍ സെക്രട്ടറി അജോയ് ഘോഷും ആക്രമണത്തെ പരസ്യമായി വിമര്‍ശിച്ചു. എസ്.എ ഡാങ്കെ, എം.എന്‍ ഗോവിന്ദന്‍ നായര്‍, യോഗീന്ദ്രശര്‍മ എന്നിവരടങ്ങുന്ന ഭൂരിപക്ഷം പേര്‍ ചൈനയെ എതിര്‍ത്തു.
അക്കാലത്ത് തന്നെ ഡല്‍ഹിയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ഇ.എം.എസ്സിനോട് എസ്.എ ഡാങ്കെ പരസ്യമായി ”അധിനിവേശ പ്രദേശത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ?” പരിഹാസ ധ്വനിയോടെ ചോദിച്ചതായി കമ്മ്യൂണിസ്റ്റ് ചിന്തകനും മാര്‍ക്‌സിയന്‍ ബുദ്ധിജീവിയുമായ മോഹിത് സെന്‍ തന്റെ ആത്മകഥയായ ‘ A Traveller and The Road – The Journey of An Indian Communist’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ഇതേക്കുറിച്ച് കേരളത്തില്‍ നിന്നുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മാതൃഭൂമി മുന്‍ എഡിറ്ററുമായ പി. നാരായണന്‍ നായരുടെ ആത്മകഥയായ ‘ അരനൂറ്റാണ്ടിലൂടെ’ എന്ന പുസ്തകത്തിലും പറയുന്നുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്.
‘മക്-മോഹന്‍ രേഖ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായി പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണെന്ന് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1963 ജനുവരിയില്‍ ലോകത്തിലെ എല്ലാ സഹോദര പാര്‍ട്ടികളെയും എഴുതിയറിയിച്ച നമ്പൂതിരിപ്പാട് പിന്നീട് മക്-മോഹന്‍ രേഖയ്ക്കു തെക്കുള്ള പ്രദേശത്തെ ഇന്ത്യ ഇന്ത്യയുടേതായും ചൈന ചൈനയുടേതായും അവകാശപ്പെടുന്ന പ്രദേശമെന്ന് വിശേഷിപ്പിച്ചത് ഞങ്ങളില്‍ പലരെയും അന്ന് സ്തബ്ധരാക്കി.’
സി.പി.ഐയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായെന്നും പാര്‍ട്ടിയില്‍ രണ്ടുചേരികള്‍ രൂപാന്തരപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. അതോടെ ഉള്‍പാര്‍ട്ടി രഹസ്യങ്ങള്‍ പത്രങ്ങള്‍ വഴി അങ്ങാടിപ്പാട്ടായി. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ വാരികയായ ‘ലിങ്ക്’ന്റെ എഡിറ്റര്‍ എടത്തട്ട നാരായണന്‍ പാര്‍ട്ടിയിലെ ഉന്നതരുമായി അടുത്തസബന്ധം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ്. പ്രത്യേകിച്ച് എസ്.എ. ഡാങ്കെയുമായി വളരെ അടുപ്പം പുലര്‍ത്തിയതിനാല്‍ പല രഹസ്യസ്വഭാവമുള്ള പാര്‍ട്ടി വാര്‍ത്തകളും ലിങ്കില്‍ വന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി. അവയൊക്കെ സത്യമായതിനാല്‍ നിഷേധിക്കാനും കഴിഞ്ഞില്ല.
ഒടുവില്‍ ലിങ്കുമായി യാതൊരു സഹകരണവും പാടില്ലെന്ന് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി പ്രമേയം പാസാക്കേണ്ട ഗതികേടുണ്ടായി. എസ്.എ ഡാങ്കെ ചൈനീസ് ആക്രമണത്തെ അപലപിക്കുകയും പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹറുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാര്‍ട്ടിയിലെ ഇടതു ചേരിക്കാര്‍ ചൈനാ ചാരന്‍മാരായി മുദ്രകുത്തപ്പെട്ടു. ചൈനയെ അധിനിവേശ പ്രദേശത്തു നിന്ന് തുരത്തി ഇന്ത്യയുടെ സ്ഥലം സംരക്ഷിക്കണം എന്നൊരു പ്രമേയം എസ്.എ. ഡാങ്കെ കൊണ്ടുവന്നു. എന്നാല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അക്രമത്തിന് പകരം സാമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും യുദ്ധത്തിന് പകരം യുദ്ധമല്ലെന്ന് രീതിയില്‍ ഭേദഗതി നിര്‍ദ്ദേശം കൊണ്ടുവന്നു.
എന്നാല്‍ ഡാങ്കെ പക്ഷക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സാഹചടര്യം പാര്‍ട്ടിക്കുള്ളില്‍വിവാദമായി നില്‍ക്കുമ്പോള്‍ ഡാങ്കെ, ആഭ്യന്തര മന്ത്രിയായ ഗുല്‍സാരി ലാല്‍ നന്ദയെ നേരിട്ട് ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചൈനാ പക്ഷക്കാരുടെ പേരുകള്‍ നല്‍കി. ഇവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് എതിരാണെന്നും ആഭ്യന്തരമന്ത്രിയെ ഡാങ്കെ ധരിപ്പിച്ചു. ഇതോടെ പാര്‍ട്ടിയിലെ ചൈനീസ് അനുകൂലികള്‍ രാജ്യരക്ഷാ നിയമമനുസരിച്ച് ജയിലിലായി. ഇ.എം.എസിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിട്ടെങ്കിലും ഒരാഴ്ച കഴിഞ്ഞ് വിട്ടയച്ചു. ജ്യോതി ബസു, ബി.ടി രണദിവെ, പി. സുന്ദരയ്യ എന്നീ പ്രമുഖരെയും തുറങ്കലിലടച്ചു.
കേരളത്തില്‍ ചൈനീസ് ആക്രമണത്തെ അപലപിച്ച പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിലെ സി.അച്യുത മേനോനേയും ഉണ്ണിരാജയെയും വരെ അറസ്റ്റ് ചെയ്തു. മദ്രാസില്‍ നിന്ന് നൂറിലേറെ പാര്‍ട്ടി സഖാക്കള്‍, പശ്ചിമ ബംഗാളില്‍ നിന്ന് 60, ഗുജറാത്തില്‍ നിന്ന് 35, കേരളത്തില്‍ 25, പഞ്ചാബില്‍ നിന്ന് 24, ആന്ധ്രയില്‍ നിന്ന് 22, അസമില്‍ നിന്ന് 15, മധ്യപ്രദേശില്‍ നിന്ന് 11 പേരെയും ജയിലിലടച്ചു. ഇന്ത്യയിലാകെ 550 പേര്‍ ചൈനാ അനുകൂലികള്‍ എന്ന പേരില്‍ അറസ്റ്റിലാവുകയും ഭീകരമായ പോലീസ് മര്‍ദ്ദനത്തിന് വിധേയരാവുകയും ജയിലില്‍ കഴിയുകയു ചെയ്തു. തങ്ങളെ ജയിലിലാക്കാനും, പാര്‍ട്ടിയെ ഡാങ്കെ ലൈനിലാക്കാനും ശ്രമിച്ച എസ്.എ ഡാങ്കെയ്‌ക്കെതിരേ വിമതപക്ഷം കരുത്തള്‍ നീക്കി.
1942 ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡാങ്കെ മാപ്പ് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതിയെന്നും വിടുതല്‍ ലഭിച്ചാല്‍ ബ്രിട്ടിഷ് പക്ഷത്ത് ചേര്‍ന്ന് സഹായിക്കാമെന്നും ആ കത്തിലുണ്ടായിരുന്നു. ഈ കത്ത് വിമതപക്ഷം പുറത്തു വിട്ടു. കൂടാതെ ചൈനീസ് അനുകൂലികളായ പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത് ഡാങ്കെയുടെ നിര്‍ദേശമനുസരിച്ചാണെന്നും എതിര്‍പക്ഷം ആരോപിച്ചു. പാര്‍ട്ടിയിലെ ചൈനീസ് ലൈന്‍ ശക്തിപ്പെടുകയായിരുന്നു. ഏപ്രില്‍ 11ന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഡാങ്കെയുടെ കത്തുകള്‍ ഒരു കമ്മിഷനെ വെച്ച് പരിശോധിച്ച് സത്യാവസ്ഥ അറിയണമെന്ന് ഇടതുചേരി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുമ്പോള്‍ ഡാങ്കെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഡാങ്കെ പക്ഷം ഇത് നിരാകരിച്ചതോടെ ആ യോഗത്തില്‍ നിന്നും 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി. അതോടെ പാര്‍ട്ടി പിളര്‍ന്നു. ഇ.എം.എസ്, എ.കെ.ജി, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, സി.എച്ച്. കണാരന്‍, ഇ.കെ. ഇമ്പിച്ചി ബാവ, എ.വി. കുഞ്ഞമ്പു എന്നീ ഏഴ് പേര്‍ ആയിരുന്നു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. അഖിലേന്ത്യാ തലത്തില്‍ പ്രശസ്തരായ പി. സുന്ദരയ്യ, ജ്യോതി ബസു, എം. ബസവ പുന്നയ്യ, പി. രാമമൂര്‍ത്തി, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, മുസഫര്‍ അഹമ്മദ് എന്നിവരും ഈ 32 പേരില്‍പ്പെടുന്നു. അന്ന് പുറത്ത് പോയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗം വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. പിന്നീട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് പാര്‍ട്ടികളായി അറിയപ്പെട്ടു. റഷ്യന്‍ ചായ്വുമുള്ള സി.പി.ഐ. ചൈനീസ് പക്ഷക്കാരായ സി.പി.ഐ(എം). അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ ഒരു വര്‍ഷത്തിനുശേഷം 1964 നവംബര്‍ 7 ന് ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവ വാര്‍ഷിക ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന എഴാം കോണ്‍ഗ്രസിന്റെ സമാപന ദിവസം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.
അതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) എന്ന സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി കേരളത്തില്‍ നിന്ന് നാലുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.ജി, ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍. പോളിറ്റ് ബ്യൂറോയില്‍ ഇ.എം.എസും എ.കെ.ജിയും അംഗങ്ങളായി. പി സുന്ദരയ്യയായിരുന്നു ജനറല്‍ സെകട്ടറി. പിന്നീട്, ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന തര്‍ക്കമായിരുന്നു നടന്നത്. ബോംബെയില്‍ നടന്ന ഔദ്യോഗിക പക്ഷത്തിന്റെ സമ്മേളനത്തില്‍ തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെന്ന് സിപിഐ പ്രഖ്യാപിച്ചു. പാര്‍ട്ടി രണ്ടായതോടെ ലോക്സഭയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തു.
എ.കെ.ജിയും അദ്ദേഹത്തിന്റെ കൂടെയുള്ള 11 പേരും ഒരു സ്വതന്ത്ര പാര്‍ലമെന്ററി പാര്‍ട്ടിയായി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സി.പി.എമ്മിനെ 1964 സെപ്റ്റംബര്‍ 15ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരെ സ്വതന്ത്ര പാര്‍ട്ടിയായി അംഗീകരിച്ചു. ഇരുപക്ഷക്കാരും തങ്ങളുടെ ഭാഗത്തേക്ക് അണികളെ കൂട്ടാനാനുള്ള ശ്രമം എല്ലാം സംസ്ഥാനത്തും ആരംഭിച്ചു. കേരളത്തിലാണ് ഏറ്റവും ശക്തിയായ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നാടൊട്ടുക്കും നടന്ന പൊതുയോഗങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. സ്വന്തം നിലപാടുകളെ ന്യായീകരിച്ച ഇരു പാര്‍ട്ടികളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചു.
ഇങ്ങനെ പിളര്‍ന്നിട്ടും, രണ്ടു പാര്‍ട്ടികളായി മുന്നോട്ടു പോയപ്പോഴൊക്കെ വി.എശ്. അച്യുതാനന്ദന്‍ എന്ന വന്‍ വൃക്ഷം സി.പി.എമ്മിന്റെ നെടും തൂണായി തന്നെ നിന്നു. പാര്‍ട്ടികള്‍ ആശയപരമായി ഇപ്പോള്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും വിയോജിപ്പുകള്‍ വലുതായി വരികയാണ്. അവിടെയൊക്കെ സി.പി.എമ്മിനെ നയിക്കുന്ന ശക്തിയെന്നത്, പിണറായി വിജയന്‍ എന്ന ഒറ്റയാന്‍ ആണെന്ന രീതിയിലേക്ക് ചുരുക്കിയിരിക്കുകയാണ്. അന്ന്, ഇറങ്ങിപ്പോന്ന 32 പേരുടെ ശ്രമ ഫലവും, ദീര്‍ഘ വീക്ഷണവും കൊണ്ടാണ് ഇന്ന് സി.പി.എം രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. അതിന് ചുക്കാന്‍ പിടിക്കാന്‍ സ്ഥാപകര നേതാവെന്ന നിലയില്‍ വി.എസ് ഉണ്ടായിരുന്നു. ആ വി.എസിനെയാണ് പാര്‍ട്ടിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിച്ച് വിട്ടിരിക്കുന്നതെന്ന് മനസ്സിലാക്കുക.
CONTENT HIGH LIGHTS; Who is CPIM founding leader V.S. Achuthanandan?: How was the formation of the Communist Party of India Marxist?; The history of the split and the birth of the new party; How many CPM members know this story?