അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു അത്ഭുത കാഴ്ച്ച. അത്തരം അപൂർവ ദൃശ്യം നൽകിയ ഒരിടമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്ക്. പാർക്കിൽ ഒരു സീബ്ര കുഞ്ഞ് ജനിച്ചുവീഴുന്നതിന്റെ അപൂർവ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. സഫാരി ഗ്രൂപ്പിലുണ്ടായിരുന്ന ആമി ഡിപ്പോൾഡ് എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
യാത്രക്കിടയിൽ ഒരു ജിറാഫിനെ കണ്ട സഫാരി സംഘം ആവേശഭരിതരാകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ ജിറാഫിന് തൊട്ട് സമീപത്തായ നിൽക്കുന്ന ഏതാനും സീബ്രകളിലേക്ക് മാറുന്നു. സീബ്ര പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലായ ആമി ഡിപ്പോൾഡ് ജിറാഫിനോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും സീബ്രയ്ക്ക് അടുത്തേക്ക് വാഹനം ഓടിക്കുകയും ചെയ്യുന്നു.
ഈ സമയം ഗർഭിണിയായ സീബ്ര തന്‍റെ പ്രസവസമയം ആയതിനെ തുടർന്ന് നിലത്തേക്ക് കിടക്കുന്നു. സഫാരി സംഘം ആകാംക്ഷയോടെ നിശബ്ദരായി ആ കാഴ്ചയ്ക്ക് സാക്ഷികളായി. പ്രസവ വേദനയാൽ പുളഞ്ഞ സീബ്രയുടെ വയറ്റിൽ നിന്നും പതിയെ ഒരു കുഞ്ഞു സീബ്ര പുറത്തേക്ക് വന്നു. ആദ്യം തലയും പിന്നാലെ മുന്‍കാലുകളും ഉടലും പിന്നാലെ പിന്‍ കാലും പുറത്തെത്തി. കുഞ്ഞു പുറത്തുവന്നതോടെ സീബ്ര തന്‍റെ കുഞ്ഞിനെ നക്കി സ്നേഹം പ്രകടിപ്പിക്കുന്നതും വീടിയോയിലൂടെ കാണാം. പിന്നെ അമ്മയ്ക്ക് അരികിൽ പതിയെ എഴുന്നേറ്റ് നിൽക്കാനായി കുഞ്ഞു സീബ്ര ശ്രമിക്കുന്നു. രണ്ട് തവണ ശ്രമിച്ചപ്പോഴും അത് കാലുറയ്ക്കാതെ താഴേക്ക് തന്നെ വീണു. പല തവണ വീണെങ്കിലും ഒടുവിൽ കുഞ്ഞൻ സീബ്ര രണ്ടുകാലിൽ നിൽക്കാൻ പഠിക്കുകയായിരുന്നു.
എന്നാൽ അപൂർവ വീഡിയോ എല്ലാവർക്കുമായി പങ്കിട്ടതിന് ഒരുപാടാളുകൾ ആമി ഡിപ്പോൾഡിന് നന്ദി അറിയിച്ചു.
STORY HIGHLIGHT: zebra giving birth