Sports

കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ ടൈഗേഴ്‌സിനും ഈഗിള്‍സിനും വിജയം

കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം. കരുത്തരായ റോയല്‍സിനെ 44 റണ്‍സിനാണ് ടൈഗേഴ്‌സ് കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാന്തേഴ്‌സിനെ നാല് റണ്‍സിന് തോല്പിച്ച് ഈഗിള്‍സും ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം കുറിച്ചു.

ബാറ്റര്‍മാര്‍ കരുത്ത് കാട്ടിയ മത്സരത്തില്‍ പാന്തേഴ്‌സിനെതിരെ ഈഗിള്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. പതിവ് പോലെ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ വിഷ്ണുരാജിന്റെ പ്രകടനം ഈഗിള്‍സിന് വേഗതയാര്‍ന്ന തുടക്കം നല്‍കി. വിഷ്ണുരാജ് 26 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം 40 റണ്‍സെടുത്തു. മധ്യനിരയില്‍ മൊഹമ്മദ് കൈഫിന്റെയും അക്ഷയ് മനോഹറിന്റെയും പ്രകടനവും ഈഗിള്‍സിന് മുതല്‍ക്കൂട്ടായി. മൊഹമ്മദ് കൈഫ് 30 പന്തുകളില്‍ നിന്ന് 61 റണ്‍സും അക്ഷയ് മനോഹര്‍ 12 പന്തുകളില്‍ നിന്ന് 34 റണ്‍സും നേടി. പാന്തേഴ്‌സിന് വേണ്ടി ഗോകുല്‍ ഗോപിനാഥ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്‌സിന് തകര്‍ത്തടിച്ച വത്സല്‍ ഗോവിന്ദ് മികച്ച തുടക്കം നല്കി. 52 പന്തുകളില്‍ ആറ് ഫോറും നാല് സിക്‌സും അടക്കം വത്സല്‍ ഗോവിന്ദ് 80 റണ്‍സ് നേടി. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മധ്യനിരയില്‍ ഒറ്റയ്ക്ക് പൊരുതിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദിന്റെ പ്രകടനവും ശ്രദ്ധേയമായി. 29 പന്തുകളില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും അടക്കം 62 റണ്‍സെടുത്ത അബ്ദുള്‍ബാസിദ് പാന്തേഴ്‌സിന് പ്രതീക്ഷ നല്കി. എന്നാല്‍ ലക്ഷ്യത്തിന് നാല് റണ്‍സ് അകലെ പാന്തേഴ്‌സ് പൊരുതി വീണു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് പാന്തേഴ്‌സിന് എടുക്കാനായത്. ഈഗിള്‍സിന് വേണ്ടി വിജയ് വിശ്വനാഥും ജോസ് പെരയിലും മൂന്ന് വിക്കറ്റ് വീതവും ഷൈന്‍ ജോണ്‍ ജേക്കബ് രണ്ട് വിക്കറ്റും വീഴ്ത്തി.

രണ്ടാം മല്‌സരത്തില്‍ ബാറ്റിങ് – ബൌളിങ് നിരകള്‍ ഒരു പോലെ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ 44 റണ്‍സിനായിരുന്നു ടൈഗേഴ്‌സിന്റെ വിജയം. 39 പന്തുകളില്‍ 63 റണ്‍സെടുത്ത രോഹന്‍ നായരാണ് ഗൈഗേഴ്‌സിന്റെ ടോപ് സ്‌കോറര്‍. അജ്‌നാസ് 12 പന്തുകളില്‍ 28ഉം പ്രീതിഷ് പവന്‍ 25 പന്തുകളില്‍ 36ഉം റണ്‍സെടുത്തു. ഏഴ് പന്തുകളില്‍ 17 റണ്‍സെടുത്ത അന്‍ഫലും അവസാന ഓവറുകളില്‍ അതിവേഗത്തില്‍ സ്‌കോറുയര്‍ത്തി. റോയല്‍സിന് വേണ്ടി ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും ജോബിന്‍ ജോബി രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് മുന്‍ നിര ബാറ്റര്‍മാര്‍ പാടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. 29 റണ്‍സെടുത്ത അഖില്‍ സ്‌കറിയയും 21 റണ്‍സെടുത്ത അക്ഷയും 22 റണ്‍സെടുത്ത ജെറിന്‍ പി എസും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 19.4 ഓവറില്‍ 147 റണ്‍സിന് റോയല്‍സ് ഓള്‍ ഔട്ടായി. ടൈഗേഴ്‌സിന് വേണ്ടി അഭിറാമും അന്‍ഫലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.