വരുന്ന ഐപിഎല്‍ പോരാട്ടത്തില്‍ കളിക്കില്ലെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക്. മെഗാ ലേലത്തില്‍ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇത്തവണ ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. അവരെ സംബന്ധിച്ചു വമ്പന്‍ നഷ്ടമാണ് താരം കളിക്കാത്തത്. മികച്ച യുവ ബാറ്റര്‍മാരില്‍ ഒരാളായാണ് താരം വിലയിരുത്തപ്പെടുന്നത്.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഒരു ജയം പോലുമില്ലാതെ പ്രാഥാമിക റൗണ്ടില്‍ തന്നെ ഇംഗ്ലണ്ട് പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രൂക്കിനു ബാറ്റിങില്‍ തിളങ്ങാനും സാധിച്ചിരുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാത്തതില്‍ ബ്രൂക്ക് ഫ്രാഞ്ചൈസിയോടും ആരാധകരോടും ക്ഷമ ചോദിച്ചു.
ഇംഗ്ലണ്ട് ടീമിനായുള്ള മത്സരങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. ദേശീയ ടീമിനായി ഫോമിലേക്ക് തിരിച്ചെത്തി കളിക്കുക എന്നതാണ് ലക്ഷ്യം. അതിനാല്‍ കുറച്ചു കാലം പരിശീലനത്തിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ടാണ് താരം ഐപിഎല്ലില്‍ നിന്നു പിന്മാറുന്നത്. സമീപ കാലത്ത് സ്പിന്നര്‍മാരെ നേരിടുന്നതില്‍ വന്‍ ശോകമാണ് ബ്രൂക്ക്. ഇതടക്കമുള്ള പോരായ്മകള്‍ പരിഹരിച്ച് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ബ്രൂക്ക് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം താരം സ്വയം പിന്മാറാന് തീരുമാനിച്ചതോടെ ബ്രൂക്കിനു വലിയ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് സീസണുകളിലേക്ക് താരത്തിനു വിലക്ക് വന്നേക്കും. സെപ്റ്റംബറില്‍ ഐപിഎല്ലില്‍ പുതിയ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
ഈ നിയമം അനുസരിച്ച് ഒരു വിദേശ താരത്തെ ഫ്രാഞ്ചൈസി ലേലത്തില്‍ സ്വന്തമാക്കുകയും താരം ഐപിഎല്ലിനു മുന്‍പ് സ്വയം പിന്മാറുകയും ചെയ്താല്‍ താരത്തെ ടൂര്‍ണമെന്റില്‍ നിന്നു വിലക്കാം എന്നാണ് പുതിയ നിയമം. ലേലത്തിലും വിലക്ക് ബാധകമായിരിക്കും. ബ്രൂക്കിനെ ഐപിഎല്‍ വിലക്കു കാത്തിരിക്കുന്നുവെന്നു ചുരുക്കം.
content highlight: Delhi Capitals IPL