Sports

സ്ലീവ്‍ലെസ് ടീ ഷർട്ടുകൾ വേണ്ട, ധരിച്ചാൽ പിഴ! ഐപിഎല്ലിൽ നിയമം കടുപ്പിച്ച് ബിസിസിഐ | IPL BCCI

തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴ ശിക്ഷയും ചുമത്തും

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2025 സീസണിനു മുന്നോടിയായി കർശന നടപടികളുമായി ബിസിസിഐ. താരങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ ഉറച്ചാണ് ബിസിസിഐ ഇറങ്ങിയിരിക്കുന്നത്. ഇതിനായി കടുത്ത നിർ‌ദ്ദേശങ്ങളാണ് ബോർഡ് ഫ്രൈഞ്ചൈസികൾക്കു നൽകുന്നത്.

താരങ്ങൾ ഒരു ബസിൽ തന്നെ യാത്ര ചെയ്യണം, കുടുംബാം​ഗങ്ങൾ ഡ്രസിങ് റൂമുകളിൽ കയറുന്നതിനു വിലക്കേർപ്പെടുത്തണമെന്നും ബിസിസിഐ നിർദ്ദേശത്തിൽ പറയുന്നു. അടുത്ത സീസണിൽ കൈയില്ലാത്ത ടീ ഷർട്ടുകൾ ധരിക്കരുതെന്നും ബിസിസിഐ നിർദ്ദേശത്തിലുണ്ട്. താരങ്ങൾ സ്ലീവ്‍ലെസ് ടീ ഷർട്ടുകൾ ധരിച്ചാൽ ആദ്യം താക്കീതു നൽകും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴ ശിക്ഷയും ചുമത്തും.

പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്താനാണ് മാറ്റങ്ങളെന്നു ബിസിസിഐ പറയുന്നു. ഐപിഎൽ ടീമുകളുടെ മാനേജർമാരുമായി ബിസിസിഐ പ്രതിനിധികൾ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് നിർദ്ദേശങ്ങൾ. പരിശീലനത്തിനും താരങ്ങൾ ടീം ബസ് തന്നെ ഉപയോ​ഗിക്കണം. ആവശ്യമെങ്കിൽ രണ്ട് ബാച്ചായി താരങ്ങൾക്കു വരാം. പരിശീലന ദിവസങ്ങളിലും കുടുംബത്തിനു ഡ്രസിങ് റൂമിൽ പ്രവേശനമുണ്ടാകില്ല. താരങ്ങളുടെ കുടുംബവും സുഹൃത്തുകളും ഹോട്ടലിൽ നിന്നു സ്റ്റേഡിയത്തിലേക്ക് വേറെ വാഹനം ഉപയോ​ഗിക്കേണ്ടി വരും. മത്സരങ്ങൾക്കു തൊട്ടു മുൻപ് താരങ്ങൾ ​ഗ്രൗണ്ടിൽ വച്ചു ഫിറ്റ്നസ് പരിശോധിക്കുന്നതും ഇനി നടക്കില്ല. കൂടുതൽ വിക്കറ്റ് നേടുന്ന, റൺസ് നേടുന്ന താരങ്ങൾക്കു നൽകുന്ന ഓറഞ്ച്, പർപ്പിൾ ക്യാപുകൾ താരങ്ങൾ മത്സരങ്ങൾക്കിടെ കുറഞ്ഞത് രണ്ടോവറെങ്കിലും ധരിക്കണമെന്ന നിർദ്ദേശവും പുതിയതായി നൽകിയവയിലുണ്ട്.

ഈ മാസം 22 മുതലാണ് ഐപിഎൽ 2025നു തുടക്കമാകുന്നത്. മാർച്ച് 20നാണ് ടീം നായകൻമാരുടെ ഒത്തുചേരൽ. ഇത്തവണ മുംബൈയിലാണ് പരിപാടി. സാധാരണയായി ഉദ്ഘാടന വേദിയിലാണ് നായകൻമാരുടെ ഒത്തുചേരൽ നടക്കാറുള്ളത്. എന്നാൽ ഇത്തവണ അതിനു മാറ്റുമുണ്ട്. ഉദ്ഘാടന പോരാട്ടം കൊൽക്കത്ത ഈ‍ഡൻ ​ഗാർഡൻസിലാണ് അരങ്ങേറുന്നത്. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്- റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീമുകൾ തമ്മിലാണ് ആദ്യ പോര്.

content highlight: IPL BCCI