Kerala

അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം; സിലിണ്ടറുകള്‍ പിടിച്ചെടുത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ – illegal gas filling station

കുടിവെള്ളം നിറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പേരിലാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്

കൊല്ലം കൊട്ടിയത്ത് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍നിന്ന് സിലിണ്ടറുകള്‍ പിടിച്ചെടുത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍. മൂന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കാലിത്തൊഴുത്തിന് സമാനമായ ഷെഡ്ഡില്‍ ഒട്ടും സുരക്ഷയില്ലാത്ത രീതിയിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളം നിറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പേരിലാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്. പട്ടത്താനം സ്വദേശിയായ അനില്‍ സ്വരൂപിന്റെ പേരിലാണ് ലൈസന്‍സുള്ളത്.

കാലിത്തൊഴുത്തിന് സമാനമായ ഷെഡ്ഡില്‍ ഒട്ടും സുരക്ഷയില്ലാത്ത രീതിയിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുന്നതായിരുന്നു ഇവിടെ ചെയ്തിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്.

‘സിസിടിവിയൊക്കെ വെച്ചിട്ടുള്ള പ്രവര്‍ത്തനം ആണ്. രാവിലെ വന്ന് കളക്ട് ചെയ്ത് കൊണ്ടുപോയി നിറയ്ക്കുന്നതായിട്ടാണ് ഇന്‍ഫര്‍മേഷന്‍ കിട്ടിയത് ഇവിടെ ഒരു പയ്യനുണ്ട്. അദ്ദേഹം പറയുന്നത് ഗള്‍ഫില്‍ നിന്ന് വന്നതാണെന്നാണ്. അദ്ദേഹത്തിന്റെ അച്ഛനാണ് ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. അച്ഛന്‍ മരണപ്പെട്ടപ്പോള്‍ നാട്ടില്‍ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഞങ്ങള്‍ ഇവിടെ വന്ന് നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കണ്ടത് ഗ്യാസ് സിലിണ്ടറുകള്‍ക്കിടയില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഗ്യാസ് നിറയ്ക്കുന്നത്. ഇത്രയും അപകടമുള്ള കാര്യമാണെന്ന് അവര്‍ക്കുപോലും തിരിച്ചറിവില്ല എന്നത് വളരേയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.’ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

STORY HIGHLIGHT: illegal gas filling station