പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് ആനന്ദകുമാറിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ തടസ്സങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനില്‍ക്കുന്നുണ്ട്. പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനുമായി ആലോചിച്ച ശേഷമാണ് എറണാകുളത്തെ കേസില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായത്. നിലവില്‍ 37 കേസുകളാണ് ആനന്ദ്കുമാറിനെതിരെയുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി സിജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
STORY HIGHLIGHT: scooter scam case