കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുെട പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം. എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി.
ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. എല്ലാ സ്കൂളുകളിലും ഒരു കൗൺസിലർ നിർബന്ധമായും വേണം. കൗൺസിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം. ഐസിഡിഎസ് പദ്ധതി മുഖേന ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 79 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. 1098 ചൈൽഡ് ലൈൻ ബോർഡ് പ്രദർശിപ്പിക്കാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരിൽ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി. ജില്ലയിലെ സർക്കാർ, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉൾപ്പെട്ട പൊതുവായ പ്ലാറ്റ്ഫോം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
STORY HIGHLIGHT: collector decided to close down illegal tuition center