തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയില് നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മലപ്പുറം, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.