Tech

ഇൻസ്റ്റഗ്രാമിലും ഇനി കമ്മ്യൂണിറ്റി ചാറ്റ്, പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം ?

ഇൻസ്റ്റഗ്രാമിൽ ഇനി മുതൽ കമ്മ്യൂണിറ്റി ചാറ്റ് ഓപ്ഷനും. 250 പേരെ വരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചാറ്റ് നടത്താവുന്ന ഫീച്ചറാണ് പുതുതായി ഇൻസ്റ്റഗ്രാം കൊണ്ടുവരുന്നത്. നിലവിൽ പ്രോടൈപ്പ് ആയി ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ചാറ്റിൽ ഉപഭോക്താക്കളുടെ വിവിധ വിഷയങ്ങളിലെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ഗ്രൂപ്പുകളിൽ അംഗമാവാൻ സാധിക്കും. ഡെവലപ്പറായ അലസ്സാൻഡ്രോ പാലുസിയാണ് മെറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ ആരംഭിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.

കമ്മ്യൂണിറ്റി ചാറ്റ് രീതി ഉൾപ്പെടുന്ന ഇന്റർഫേസിന്റെ സ്‌ക്രീൻഷോട്ടുകളും അലസ്സാൻഡ്രോ പാലുസി പുറത്തുവിട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി ചാറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ കമ്പനിക്ക് പുറത്ത് പരീക്ഷിക്കപ്പെടാത്ത ഒരു പ്രോടൈപ്പാണിതെന്ന് ഇൻസ്റ്റാഗ്രാം വക്താവിനെ ഉദ്ധരിച്ച് എൻഗാഡ്ജെറ്റ് റിപ്പോർട്ട് ചെയ്തു. ചാറ്റുകൾ ഹോസ്റ്റ് ചെയ്യുന്നവർക്ക് ആളുകളെ നിയന്ത്രിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നാണ് സ്‌ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത്.

ആർക്കൊക്കെ സംഭാഷണങ്ങളിൽ ചേരാനാകുമെന്ന് നിർണ്ണയിക്കുന്നതിന് പുറമെ ഇൻ-ബിൽറ്റ് മോഡറേഷൻ ടൂളുകൾ ഉപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റർമാർക്ക് അംഗങ്ങൾ അയക്കുന്നതിൽ പ്രശ്‌നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും അനുവദിക്കും. കൂടാതെ ഇൻസ്റ്റാഗ്രാം അതിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കമ്മ്യൂണിറ്റി ചാറ്റുകൾ അവലോകനം ചെയ്യുകയും ചെയ്യും.

നിലവിൽ ഇൻസ്റ്റഗ്രാമിൽ ലഭ്യമായ ബ്രോഡ്കാസ്റ്റ് ചാനലിൽ വൺവേ ആശയവിനിമയം മാത്രമാണ് നടത്താൻ സാധിക്കുന്നത്. എന്നാൽ കമ്മ്യൂണിറ്റി ചാറ്റുകളിലേക്ക് എത്തുമ്പോൾ എല്ലാ അംഗങ്ങൾക്കും ചാറ്റുകളിൽ പങ്കാളിയാവാൻ സാധിക്കും. നേരത്തെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും മെറ്റ കമ്മ്യൂണിറ്റി ചാറ്റുകൾ ആരംഭിച്ചിരുന്നു.

അതേസമയം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് കമ്മ്യൂണിറ്റി ചാറ്റ് ഫീച്ചർ ഔദ്യോഗികമായി എപ്പോൾ ലഭിക്കുമെന്ന് ഇതുവരെ മെറ്റ പ്രഖ്യാപിച്ചിട്ടില്ല.