Sports

കെസിഎ പ്രസിഡന്റ്‌സ് ട്രോഫിയില്‍ ഈഗിള്‍സിനും ടൈഗേഴ്‌സിനും വിജയം

ആലപ്പുഴയില്‍ നടക്കുന്ന കെസിഎ പ്രസിഡന്റ്‌സ് ട്രോഫിയില്‍ ഈഗിള്‍സിനും ടൈഗേഴ്‌സിനും വിജയം. ലയണ്‍സിനെ ആറ് വിക്കറ്റിനാണ് ഈഗിള്‍സ് തോല്‍പിച്ചത്. രണ്ടാം മല്‍സരത്തില്‍ പാന്തേഴ്‌സിനെതിരെ വിജെഡി നിയമപ്രകാരം 61 റണ്‍സിനായിരുന്നു ടൈഗേഴ്‌സിന്റെ വിജയം, അഭിഷേക് പി നായരുടെ ഓള്‍ റൗണ്ട് മികവിനും ലയണ്‍സിന് വിജയമൊരുക്കാനായില്ല. റണ്‍മഴ പെയ്ത മല്‍സരത്തില്‍ വിഷ്ണുരാജിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഈഗിള്‍സിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ അഭിഷേകിന്റെ ഇന്നിങ്‌സാണ് ലയണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകളില്‍ ഏഴ് ഫോറും പത്ത് സിക്‌സും അടക്കം 108 റണ്‍സാണ് അഭിഷേക് നേടിയത്.

29 റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസും ലയണ്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങി. ഈഗിള്‍സിന് വേണ്ടി ജോസ് പെരയിലും രാഹുല്‍ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിള്‍സിന് വിഷ്ണുരാജും ഭരത് സൂര്യയും ചേര്‍ന്നുള്ള 134 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയമൊരുക്കിയത്. വിഷ്ണുരാജ് 51 പന്തുകളില്‍ പത്ത് ഫോറും അഞ്ച് സിക്‌സും അടക്കം 97 റണ്‍സ് നേടി. ഭരത് സൂര്യ 31 പന്തുകളില്‍ 53 റണ്‍സും അക്ഷയ് മനോഹര്‍ ഒന്‍പത് പന്തുകളില്‍ 26 റണ്‍സും നേടി. ഒന്‍പത് പന്ത് ബാക്കി നില്‌ക്കെ ഈഗിള്‍സ് ലക്ഷ്യത്തിലെത്തി. ലയണ്‍സിന് വേണ്ടി അഭിഷേക് രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മല്‍സരത്തില്‍ വിജെഡി നിയമപ്രകാരമായിരുന്നു ടൈഗേഴ്‌സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. രോഹന്‍ നായരും പ്രീതിഷ് പവനും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ടൈഗേഴ്‌സിന് കരുത്തായത്. രോഹന്‍ 46 പന്തുകളില്‍ 88ഉം പ്രീതിഷ് 17 പന്തുകളില്‍ 36 റണ്‍സും നേടി. പാന്തേഴ്‌സിന് വേണ്ടി അഖിന്‍ സത്താറും മൊഹമ്മദ് ഇനാനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്‌സിന് വത്സല്‍ ഗോവിന്ദും എസ് സുബിനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. വത്സല്‍ 27ഉം സുബിന്‍ 19ഉം റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയവരും അവസരത്തിനൊത്ത് ഉയരാതെ പോയതോടെ 11.1 ഓവറില്‍ 111 റണ്‍സിന് പാന്തേഴ്‌സ് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അന്‍ഫലാണ് പാന്തേഴ്‌സ് ബാറ്റിങ് നിരയെ തകര്‍ത്തത്. അഭിറാമും ജിഷ്ണുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.