തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 10.15 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഉച്ചക്ക് 1.15ന് പൊങ്കാല നിവേദ്യം നടക്കും. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. അതോടെ ഭക്ത ലക്ഷങ്ങളുടെ പൊങ്കാല അടുപ്പുകളിൽ തീ ഉയരും. പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും ഗതാഗത വകുപ്പും ദുരന്തനിവാരണ വകുപ്പുമടക്കം എല്ലാവരും സജ്ജമാണ്.