India

ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യു.കെ സ്വദേശിനി ഹോട്ടലിൽ പീഡനത്തിനിരയായെന്ന് പരാതി | UK Citizen

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി  ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായി എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്ത് കൈലാഷിനെയും ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസീമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അവധി ആഘോഷത്തിനിടെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കാനാണ് യുവതി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത്. തുടർന്ന് കൈലാഷിനെ വിളിച്ച് ഒപ്പം വരാൻ അഭ്യർത്ഥിച്ചു. എന്നാൽ തനിക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ കൈലാഷ്, യുവതിയോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച യുവതി ഡൽഹിയിലെത്തി മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ താമസിച്ചു.

ഡൽഹിയിൽ എത്തിയ ശേഷവും യുവതി കൈലാഷിനെ വിളിച്ചു. തന്റെ സുഹൃത്തായ വസീമിനെയും കൂട്ടിയാണ് കൈലാഷ് ഹോട്ടലിലെത്തിയത്. തുടർന്ന് രാത്രി യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പിറ്റേ ദിവസം രാവിലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മാർഗനിർദേശം അനുസരിച്ച് പൊലീസ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് വിവരം കൈമാറി. അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ യുവതിക്ക് സഹായം നൽകുന്നുണ്ട്.