KSRTCയെ ലാഭത്തിലാക്കാന്‍ തലകുത്തി നില്‍ക്കുകകയാണ് ഞാന്‍, കൂടെ നിന്നോണം എന്ന് ജീവനക്കാരോട് നാഴികയ്ക്ക് നാല്‍പ്പതു വട്ടം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിലൂടെ പറയുന്ന മന്ത്രി ഗണേഷ്‌കുമാര്‍ ഇതിനു മറുപടി പറയണം. സ്വകാര്യ ബസ് ലോബിയുമായി പണ്ട് ചങ്ങാത്തമുണ്ടായിരുന്നെങ്കിലും, ഇപ്പോഴതില്ല എന്നാണ് ജീവനക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, കടത്തില്‍ മുങ്ങിത്താഴുന്നു എന്നുപറഞ്ഞ് വെട്ടാന്‍ നിര്‍ത്തിയിരിക്കുന്ന ജീവനക്കാരെ സംരക്ഷിക്കാന്‍ അവതാരമെടുത്തതു പോലെ എത്തിയ മന്ത്രിക്ക് ഇപ്പോഴും സകാര്യബസ് ലോബിയുമായി അല്‍പ്പസ്വല്‍പ്പം ഇടപാടുകളൊക്കെയുണ്ടെന്ന് പറയാതെ വയ്യ.
അവനവന്റെ ആവശ്യത്തിനും, രാഷ്ട്രീയത്തിനും അനുസരിച്ച് നിലപാടെടുക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന, നല്ല കളക്ഷന്‍ ലഭിച്ചു കൊണ്ടിരുന്ന തിരുവനന്തപുരം-പാലക്കാട് (2150)സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് നിര്‍ത്തിച്ചത്. ഇതിനെ തിരുവനന്തപുരം-നിലമ്പൂര്‍ സര്‍വ്വീസാക്കി മാറ്റുകയും കളക്ഷന്‍ കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇത് ആര്‍ക്കു വേണ്ടിയാണ് ചെയ്തത്. ദിവസേന 25,000 രൂപയ്ക്കു മുകളില്‍ കളക്ഷന്‍ ലഭിച്ചു കൊണ്ടിരുന്നിടത്ത്, ഇപ്പോള്‍ ഈ ബസിന്റെ കളക്ഷന്‍ 15,000 രൂപയ്ക്കു മുകളില്‍ പോകുന്നില്ല.
പീക്ക് സമയങ്ങളില്‍ കൂടിയാല്‍ 20,000 രൂപ വരെയേ ടിക്കറ്റ് കളക്ഷന്‍ ലഭിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. ഇത്, വസ്തുതയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് KSRTC ജീവനക്കാരാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് പ്രശ്‌നം. തിരുവനന്തപുരം-പാലക്കാട് ബസിനൊപ്പം മറ്റ് സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. രണ്ടു സ്വകാര്യ ബസുകളാണ് തിരുവനന്തപുരം-പാലക്കാട് സര്‍വ്വീസ് നടത്തുന്നതെന്നാണ് ജീവനക്കാരുടെ പരാതി. ഇവര്‍ KSRTCയുടെ വരുമാനം മുഴുവന്‍ വാരിക്കൊണ്ടു പോകുന്ന സ്ഥിതി ഇപ്പോവുണ്ട്. തിരുവനന്തപുരം-നിലമ്പൂര്‍ സര്‍വ്വീസിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ തിരുവനന്തപുരം-പാലക്കാട് സര്‍വ്വീസില്‍ കിട്ടുന്നുണ്ടായിരുന്നു.
ഈ സര്‍വ്വീസ് കളക്ഷന്‍ കുറവെന്ന കാരണം പറഞ്ഞാണ് സര്‍വീസ് നിര്‍ത്തിച്ചത്. സൂര്യ എന്നുപേരുള്ള സ്വകാര്യ ബസും, മറ്റൊരു ബസുമാണ് പ്രധാനമായും KSRTCയുടെ തിരുവന്തപുരം-പാലക്കാട് സര്‍വ്വീസിന് ഒപ്പമുള്ളത്. കളക്ഷന്‍ കൂട്ടാന്‍ KSRTCയെ മാറ്റി വിട്ട റൂട്ടായ തിരുവനന്തപുരം-നിലമ്പൂര്‍ സര്‍വ്വീസില്‍ നിന്നും ലഭിക്കുന്ന കളക്ഷന്‍ അമ്പേ പരാജയമായിട്ടും, പഴയ സര്‍വ്വീസ് പുനസ്ഥാപിക്കാന്‍ ശ്രമിക്കാത്ത്, സ്വകാര്യ ലോിയെ സഹായിക്കാനുള്ള ശ്രമാത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. ഈ ആക്ഷേപത്തില്‍ കഴമ്പുണ്ടെങ്കില്‍ സ്വകാര്യ ലോബിയെ സഹായിക്കാതെ KSRTCയെ രക്ഷിക്കാനുള്ള നടപടി മന്ത്രി കൈക്കൊള്ളണം.
KSRTC ബസുകളുടെ സര്‍വ്വീസുകളിലോ, റൂട്ടുകളിലോ മന്ത്രി ഓഫീസ് ഇടപെടാറില്ല എന്നാണ് വിവരം. എന്നാല്‍, മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ നേരിട്ടല്ലാതെ, KSRTCയിലെ ഇന്‍സ്‌പെക്ടര്‍മാരെ സ്വാധീനിച്ച്, അവര്‍ വഴി സര്‍വ്വീസുകള്‍ വെട്ടുന്നുവെന്ന പരാതിയും ജീവനക്കാരുടെ ഭാഗത്തു നിന്നുയരുന്നുണ്ട്. ഇത് ഗതാഗതമന്ത്രി എന്ന നിലയില്‍ ഇപ്പോഴെടുക്കുന്ന എല്ലാ നടപടികളിലും പ്രതിഫലിക്കുമെന്നുറപ്പാണ്. മന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും നെഗറ്റീവ് ഇംപാക്ടിലേക്ക് പോകുമെന്നതാണ് ഇതിന്റെ കുഴപ്പം. ഒരു വശത്ത്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനെയാകെ നേരെയാക്കാനുള്ള നല്ല നീക്കങ്ങള്‍ നടത്തുമ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മറ്റൊരു വഴിയേ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കുകയാണ്.
ഇത് തിരിച്ചറിഞ്ഞ് തിരുത്തുകയോ, ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുകയോ ചെയ്യണമെന്നാണ് KSRTCയിലെ സംഘടനകള്‍ പറയുന്നത്. ലാഭത്തിലോടുന്ന സര്‍വ്വീസുകള്‍ സ്വകാര്യ ബസ് ലോബിക്കു വേണ്ടി റദ്ദു ചെയ്യുകയോ, വെട്ടുകയോ ചെയ്യുമ്പോള്‍, ജനങ്ങള്‍ക്കു മുമ്പില്‍ KSRTC എന്നത്, ഒന്നിനും കൊള്ളാത്ത വസ്തുവായി ചിത്രീകരിക്കപ്പെടും. യാത്രക്കാരെ കയറ്റാന്‍ സ്വകാര്യ ബസുകള്‍ ഉണ്ടെങ്കില്‍ പിന്നെന്തിന് KSRTCയെ സര്‍ക്കാര്‍ തീറ്റിപ്പോറ്റണം എന്നൊരു ചിന്ത സ്വാഭാവികമായും ജനങ്ങളില്‍ ഉണ്ടാകും. ഇത്തരം ചിന്തകള്‍ക്ക് ബലം വെയ്ക്കാനുള്ള എല്ലാ നീക്കങ്ങലും കഴിഞ്ഞ കാലങ്ങളിലെ ഭരണാധികാരികളും, ഉയര്‍ന്ന ഉദ്യോഗസ്ഥരും ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാഗമാണ് സ്വിഫ്റ്റ് എന്ന കമ്പനി പോലും.
KSRTCയെ തന്നെ സ്വകാര്യ വത്ക്കരിക്കാനുള്ള ശ്രമമായിരുന്നുവെന്ന പ്രതിഷേധം സര്‍ക്കാര്‍ അന്ന് കേട്ടതുമാണ്. മാത്രമല്ല, ശരണ്യ ബസിന്റെ ഓണറും, ഗതാഗത മന്ത്രിയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. എന്നാല്‍, അതുകൊണ്ട് കേരളത്തിലെ ഗതാഗതമന്ത്രി സ്വകാര്യലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നതിനു തെളിവാണ് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന വാദ്ഗാനം. അത് സാധ്യമാക്കുന്നതിന് എടുത്ത രാഷ്ട്രീയവും, സാങ്കേതികവുമായ കഴിവിനെ അംഗീകരിക്കുമ്പോള്‍ത്തന്നെ
ടിക്കറ്റ് കളക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനുള്ള ഇടപെടലും നടത്തണമെന്നാണ് ആവശ്യം. നാലു മാസത്തോളമായി തിരുവനന്തപുരം-പാലക്കാട് സര്‍വ്വീസ് നിര്‍ത്തിയിട്ട്. അപ്പോള്‍ത്തന്നെ 120 ദിവസം കൊണ്ട് സ്വകാര്യ ബസ് ലോബികള്‍ ഈ റൂട്ടില്‍ നിന്നും ഉണ്ടാക്കിയ കളക്ഷന്‍ എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ക്കു ശല്യമായി ഇനി KSRTC വരില്ല എന്ന ഉറപ്പ് മന്ത്രി ഓഫീസില്‍ നിന്നും ചുളുവിന് കിട്ടിയതു കൊണ്ടും, സര്‍വ്വീസ് വെച്ചി, നിലമ്പൂരിലേക്കാക്കിയതുമാണ് സ്വകാര്യ ബസ് ലോബിക്ക് കൂടുതല്‍ കരുത്തായിരിക്കുന്നത്. ഇത് തടയുകയും, KSRTC സര്‍വ്വീസ് കളക്ഷന്‍ കൂടുതല്‍ കിട്ടുന്ന റൂട്ടിലേക്ക് ആക്കുകയും വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അതല്ല, ഇപ്പോഴത്തെ രീതിയാണ് തുടരുന്നതെങ്കില്‍ അതിനുള്ള കാരണം, ജീവനക്കാരോടും കൂടെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
CONTENT HIGH LIGHTS; KSRTC doesn’t need that much collection profit: Was the Thiruvananthapuram-Palakkad service and the Thiruvananthapuram-Nilambur service, which has low collection, created for the private bus lobby?; Do the minister’s associates have private dealings? (Exclusive)