തിരുവനന്തപുരം: ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നീക്കം നടത്തുമോയെന്ന് ഇന്നു വ്യക്തമായേക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിലും തുടർന്നു ഡൽഹിയിലെ ചർച്ചകളിലും പങ്കെടുത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്ത് ഉണ്ടാകും. ഡൽഹിയിലായിരുന്ന പിണറായിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നായിരുന്നു സതീശന്റെ അഭ്യർഥന. അതിനോട് അനുകൂലമായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ചർച്ചകളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നിലവിലെ 7000 രൂപ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നുമാണു സമരക്കാരുടെ ആവശ്യം.