കൊച്ചി: കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമായി അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആറളം ഫാമിൽ ദീർഘകാല അടിസ്ഥാനത്തിലുള്ളത് ഉൾപ്പെടെ നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. എന്നാൽ മേഖലയിലെ നടപടികൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ ചുമതലയാർക്കാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
കമ്മിറ്റി ദീർഘകാല അടിസ്ഥാനത്തിൽ ഉൾപ്പെടെ എന്തെങ്കിലും പദ്ധതികൾ തയാറാക്കിയിട്ടുണ്ടോ? സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?, പ്രദേശവാസികളിൽനിന്നുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സമൂഹമാധ്യമം വഴിയോ ഫോൺ വഴിയോ സംവിധാനമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണു സർക്കാരിൽനിന്നു ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്. ഗോത്ര വിഭാഗക്കാരെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ 10 കിലോമീറ്റർ നീളത്തിൽ മതിൽ നിർമിക്കുന്നത് പുരോഗമിക്കുകയാണെന്നു സർക്കാർ അറിയിച്ചു.
4.5 കിലോമീറ്റർ നീളത്തിൽ മതിൽ നിർമാണം പൂർത്തിയായി. ബാക്കി സ്ഥലത്ത് താൽക്കാലിക സംവിധാനമെന്ന നിലയിൽ വൈദ്യുതി വേലി നിർമിക്കും. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അടിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പട്രോളിങ് ശക്തിപ്പെടുത്തി. സ്പെഷൽ റാപ്പിഡ് ഫോഴ്സും പ്രവർത്തിക്കുന്നുണ്ട്. വന്യജീവി ആക്രമണം തടയാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ല-പ്രാദേശിക സമിതികളും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ചെയർപഴ്സനും ചീഫ് സെക്രട്ടറി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നോഡൽ ഓഫിസർ. സംസ്ഥാനത്ത് 273 പഞ്ചായത്തുകളിൽ വന്യജീവി ആക്രമണ സാധ്യതയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ഇന്നലെ രാവിലെയും ആനയുടെ ആക്രമണമുണ്ടായെന്നു പൊതുതാൽപര്യ ഹർജി നൽകിയ ബൈജു പോൾ മാത്യൂസ് അറിയിച്ചിരുന്നു. സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതു മതിയാകുന്നില്ലെന്നു ഹർജിക്കാരൻ അറിയിച്ചു. 18 ന് വിഷയം വീണ്ടും പരിഗണിക്കും.